ചില വീടുകളിൽ വിരുന്നുസൽകാരത്തിന് പോയാൽ പതിവായി കാണുന്ന ചില കാഴ്ചകളുണ്ട്… ഭക്ഷണം കഴിച്ചുകഴിഞ്ഞ് സഭ കൂടിയിരിക്കുമ്പോൾ വീട്ടിലെ ഗൃഹനാഥനും നായികയും കൂടി അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം ചെളിവാരി എറിയൽ…
ഗൃഹനാഥൻ അടുത്തിരിക്കുന്ന ഭാര്യയെക്കുറിച്ച് അവരുപോലും വിചാരിക്കാത്ത കാര്യങ്ങൾ എണ്ണിയെണ്ണി വന്നിരിക്കുന്ന അതിഥികളോടു പറയും.
ചിലപ്പോൾ അവരുടെ വീട്ടുകാരെയും കഥാപാത്രങ്ങളാക്കും. ഇങ്ങനെ പറയുമ്പോൾ എന്ത് സായൂജ്യം ആണോ കിട്ടുന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല…
“ഈ വീട്ടിൽ എന്താണ് ജോലി.. ഞാൻ നോക്കിയിട്ട് ഒന്നും കാണുന്നില്ല.. രണ്ടോ, മൂന്നോ കൂട്ടാൻ വയ്ക്കണം, കുഞ്ഞുങ്ങൾക്ക് വല്ലതും പറഞ്ഞു കൊടുക്കണം..
” ഇതൊക്ക ഒരു ജോലിയാണോ.. എന്നു തുടങ്ങി വിചാരണ നീളും…രാവിലെ എണീറ്റു സർവമാന പണിയും ചെയ്ത് കുട്ടികളെ കുളിപ്പിച്ചൊരുക്കി ടിഫിനും ഒരുക്കി ഭർത്താവിനും മക്കൾക്കും കൊടുത്ത്,
അവരെ സ്കൂളിലും ഓഫീസിലും യാത്രയാക്കി, അതിനിടയിൽ ഒരു കാക്കക്കുളി കുളിച്ച് വല്ലതും കഴിച്ചെന്നു വരുത്തി, ഓഫീസിൽ പോകാൻ ഇന്നും ലേറ്റായല്ലോ എന്നോർത്ത് ഓടിപ്പിടിച്ചു പോകുന്ന പാവം ജന്മങ്ങൾ..
തിരികെ വന്നിട്ട് ചെയ്തു തീർക്കാനുള്ള നൂറുകൂട്ടം കാര്യങ്ങളും കാണും അവരുടെ തലയിൽ..ചില സ്ത്രീകൾ ഇത്തരം സംഭാഷണങ്ങളിൽ തിരികെ പറയുന്നത് കേൾക്കാം..
അപ്പുറത്തെ ചേട്ടൻ കുടുംബസ്നേഹിയാണെന്നും, അടുക്കളയിൽ സഹായിക്കാറുണ്ടെന്നും, കുട്ടികളെ പഠനത്തിൽ സഹായിക്കാറുണ്ടെന്നും…
ഇതൊക്കെ കേട്ട് അന്തംവിട്ട് കുന്തം വിഴുങ്ങിയപോലെ ഒരിരിപ്പുണ്ട് മറ്റുള്ളവർ… ഭൂരിഭാഗവും ഇതൊക്കെ വിസ്തരിച്ച് ആസ്വദിക്കുകയും ചെയ്യും..
ദോഷം പറയരുതല്ലോ ചില പരിഷ്കാരികൾ അവരുടെ നല്ല പാതിയെക്കുറിച്ചു വർണിക്കുന്നത് കേട്ടാലും തല പെരുക്കും.
എന്തായാലും അത്തരം കുടുംബങ്ങളിൽനിന്നു പടിയിറങ്ങുമ്പോൾ അവരുടെ ഒരു ക്ലിയർ ഇമേജ് അവർതന്നെ മറ്റുള്ളവരിൽ ഉണർത്തിയിരിക്കും…
അപ്പുറത്തെ വീട്ടിൽ എന്തു നടക്കുന്നു എന്നു നോക്കിയിരിക്കുന്നവർക്ക് ഒരു മനഃസുഖവും കിട്ടും.പരസ്പരം പറഞ്ഞുതീർക്കാൻ ശ്രമിക്കാതെ അതൊക്കെ വീട്ടിൽ വരുന്ന ആളുകളുടെ മുൻപിൽ അവതരിപ്പിച്ച് പറഞ്ഞ് സ്വന്തം വില കളയേണ്ട വല്ല കാര്യവുമുണ്ടോ..
നിഷ്കളങ്കമായ ചില തമാശകളാവും ചിലതൊക്കെ.. എങ്കിലും അതിലും പാഷാണം കലർത്തി ഏഷണി കൂട്ടുന്ന ചില നരജന്മങ്ങൾ ഉണ്ടല്ലോ ഭൂമിയിൽ..
ചെറുപ്പത്തിൽ നാട്ടിൻപുറങ്ങളിലെ ചില വിരുന്നു സത്കാരങ്ങൾ കണ്ടിട്ടുണ്ട്.. മനുഷ്യർക്കിടയിലുള്ള ആത്മാർഥതയും, സ്നേഹവും, കരുതലും അവിടെയുണ്ടായിരുന്നു.
“ഇത്തിരി പുളിയുണ്ടോ, പഞ്ചസാരയുണ്ടോ, കാപ്പിപ്പൊടിയുണ്ടോ.. “എന്നെല്ലാം ചോദിച്ച് എന്നെത്തന്നെ അയല്പക്കത്തെ വീട്ടിലേക്ക് എത്രയോ തവണ ഓടിച്ചിട്ടുണ്ട്…
പൊങ്ങച്ചം വിളമ്പാനും, ഏഷണി പറയാനുമായി മാറിയിരിക്കുന്നു ഇന്നത്തെക്കാലത്തെ പല വിരുന്നുസൽകാരങ്ങളും..
ഇത്തരം വേദികളിൽ മലർന്നു കിടന്നു തുപ്പുന്നവർ അതിലെ വൃത്തികേടുകൾ മനസിലാക്കാത്തതാണോ എന്തോ…!