കണ്ണൂർ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് തടവ് ശിക്ഷ വിധിച്ച കോടതി വിധിക്കെതിരേ എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ.
രാഷ്ട്രീയ പകപോക്കലിന് കേന്ദ്രസർക്കാർ കോടതികളെയോ നീതിന്യായ വ്യവസ്ഥയെയോ ദുരുപയോഗം ചെയ്യാൻ പാടില്ലെന്ന് ഇ.പി. ജയരാജൻ പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേസിൽ രാഹുലിനെതിരായ വിധി നീതിന്യായ വ്യവസ്ഥയുടെ പരിപാവനതയുടെ ഭാഗമായിട്ടാണെന്ന് ജനങ്ങൾക്ക് തോന്നില്ല. വിധിയും പശ്ചാത്തലവും പരിശോധിക്കുമ്പോൾ ജനങ്ങളിൽ ഒട്ടനവധി സംശയങ്ങൾക്ക് ഇടവരും.
ഇത്തരമൊരു വിധി ജനങ്ങൾ അംഗീകരിക്കില്ലെന്നും ഇക്കാര്യം കോടതിയും നിരീക്ഷിക്കുമെന്നാണ് കരുതുന്നതെന്നും ജയരാജൻ പറഞ്ഞു.