ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്തുനിന്നും അയോഗ്യനാക്കി. ലോക്സഭാ സെക്രട്ടറിയേറ്റാണ് വിജ്ഞാപനമിറക്കിയത്.
ഇന്നലെ മുതല്‍ അയോഗ്യനെന്നാണ് വിജ്ഞാപനം. സൂറത്തിലെ മാനനഷ്ടക്കേസ് വിധിയെത്തുടര്‍ന്നാണ് നടപടി.
നീക്കം മോദി സര്‍ക്കാരിന്റെ അജണ്ടയെന്ന് കോണ്‍ഗ്രസ് വിമർശിച്ചു. നിയമപരമായി നേരിടുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. നിലവിൽ വയനാട്ടിൽ നിന്നുള്ള എംപിയാണ് രാഹുല്‍ ഗാന്ധി.
മോദി സമുദായത്തെ അപമാനിച്ചെന്ന മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിക്ക് രണ്ടുവർഷത്തെ തടവുശിക്ഷയും 15,000 രൂപ പിഴയും സൂറത്തിലെ സിജെഎം കോടതി വ്യാഴാഴ്ചയാണ് വിധിച്ചത്.
2019ൽ കർണാടകയിൽവച്ച് നടത്തിയ തെരഞ്ഞെടുപ്പ് റാലിയിലെ പരാമർശമാണ് രാഹുലിന് വിനയായത്.
എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം മോദിയെന്ന പേര് എന്തുകൊണ്ടെന്ന പരാമർശമാണ് രാഹുൽ നടത്തിയത്. ഇതിനെതിരേ ഗുജറാത്ത് മുൻമന്ത്രി പൂർണേഷ് മോദി കോടതിയെ സമീപിക്കുകയായിരുന്നു.