ന്യൂഡൽഹി: കോവിഡ് കാലത്ത് പരോളിൽ പോയ എല്ലാ തടവ് പുള്ളികളും 15 ദിവസത്തിനുള്ളിൽ അതാത് ജയിലുകളിലേക്ക് തിരിച്ചെത്തണമെന്ന് സുപ്രീം കോടതി. വിചാരണ തടവുകാരും ശിക്ഷിക്കപ്പെട്ടു കഴിഞ്ഞിരുന്ന കുറ്റവാളികളെയും ഉന്നതാധികാര സമിതിയുടെ ശിപാർശ അനുസരിച്ചാണ് പരോളിൽ വിടാൻ കോവിഡ് കാലത്ത് സുപ്രീം കോടതി അനുമതി നൽകിയത്.
ഇവരെല്ലാവരും തന്നെ 15 ദിവസത്തിനുള്ളിൽ അതാതു ജയിലുകളിൽ കീഴടങ്ങണമെന്നാണ് ജസ്റ്റീസുമാരായ എം.ആർ ഷാ, സി.ടി രവികുമാർ എന്നിവർ ഉൾപ്പെട്ട ബെഞ്ച് നിർദേശിച്ചത്.
തിരികെ ജയിലിൽ എത്തുന്ന വിചാരണ തടവുകാർക്ക് ജാമ്യത്തിന് അപേക്ഷിക്കാം. നിയമം അനുശാസിക്കുന്ന മുറയ്ക്ക് ഇവരുടെ ജാമ്യാപേക്ഷ പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.
കോവിഡ് കാലത്ത് അനുവദിച്ച പരോൾ കാലാവധി തടവുകാരുടെ യഥാർഥ ശിക്ഷാ കാലാവധിയിൽ ഉൾക്കൊള്ളിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.