കട്ടപ്പന: കാഞ്ചിയാറ്റിൽ യുവതിയെ കൊലപ്പെടുത്തിയശേഷം മൃതദേഹം വീട്ടിൽനിന്നു മാറ്റുന്നതിന് ഭർത്താവ് ബിജേഷ് സുഹൃത്തുക്കളോടു വാഹനം ആവശ്യപ്പെട്ടിരുന്നതായി വിവരം.
പിക്കപ്പ് ഡ്രൈവറായ ബിജേഷ് ഓട്ടം പോകുന്നതിനായി സുഹൃത്തുക്കളോടു വാഹനം ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ, പല തവണയായി സാമ്പത്തിക ഇടപാടിൽ കൃത്യത ഇല്ലാത്തതിനാൽ ഇവർ ആരും ബിജേഷിനു വാഹനം നൽകാൻ തയാറായില്ല.
അനുമോളുടെ മൃതദേഹം മറ്റൊരു സ്ഥലത്തേക്കു കൊണ്ടുപോയി മറവ് ചെയ്യുന്നതിനായിരുന്നു ബിജേഷ് വാഹനം ആവശ്യപ്പെട്ടതെന്നാണ് പോലീസ് കരുതുന്നത്.
ഇതിനു സാധിക്കാതെവന്നതോടെയാണു മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ചു കടന്നതെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ 21ന് വൈകുന്നേരമാണ് കാഞ്ചിയാർ സ്വദേശിനിയായ അധ്യാപിക അനുമോളെ (വത്സമ്മ) സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
മുറിയിലെ കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ഇതിനു പിന്നാലെ ഭർത്താവ് ബിജേഷിനെ കാണാതാകുകയുമായിരുന്നു.