നെടുങ്കണ്ടം: സ്വയം സഹായ സംഘത്തിന്റെ യോഗം കഴിഞ്ഞു മടങ്ങിയ ആളെ ബൈക്കിലെത്തിയ മൂന്നു യുവാക്കള്‍ ചേര്‍ന്ന് മുഖത്തു കുരുമുളക് സ്പ്രേ അടിച്ച ശേഷം മര്‍ദിച്ചു പണം അപഹരിച്ചതായി പരാതി.
രക്ഷിക്കാനെത്തിയ ഭാര്യക്കും പരിക്കേറ്റു. മർദനമേറ്റ പാലാര്‍ പെരുമ്പുഴയില്‍ ശ്രീകുമാറിനെയും ഭാര്യ വിജിയെയും പരിക്കുകളോടെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെടുങ്കണ്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ശ്രീകുമാര്‍ പറയുന്നത് ഇങ്ങനെ: ശനിയാഴ്ച രാത്രി ആനക്കല്ലില്‍ നടന്ന സ്വയം സഹായ സംഘത്തിന്റെ മീറ്റിംഗ് കഴിഞ്ഞ് പാലാറിലെ വീടിനു സമീപം എത്തിയപ്പോള്‍ വഴിയില്‍ രണ്ടു ബൈക്കുകളിലായി മൂന്നു പേര് നിന്നിരുന്നു.
ഹെല്‍മെറ്റ് ധരിച്ച ഇവരില്‍ ഒരാള്‍ ആനക്കല്ലിലേക്കുള്ള വഴി ചോദിച്ചു. വഴി പറഞ്ഞുകൊടുത്തതും മുഖത്തേക്ക് കുരുമുളക് സ്പ്രേ അടിക്കുകയായിരുന്നു. ഹെല്‍മറ്റ് ഊരി മൂന്നുപേരുംചേര്‍ന്ന് ശ്രീകുമാറിന്റെ തലയ്ക്ക് അടിക്കുകയും ചെയ്തു. നിലത്തുവീണ ശ്രീകുമാറിന്റ കൈകാലുകള്‍ക്കും പരിക്കേറ്റു.
നിലവിളി കേട്ട് ഭാര്യ വിജിയും രണ്ടു മക്കളുമെത്തിയാണ് ശ്രീകുമാറിനെ രക്ഷിച്ചത്. ആദ്യം ഓടിവന്ന ശ്രീകുമാറിന്റെ ഭാര്യയെ ഇവര്‍ തള്ളിയിട്ടു.
കോമ്പയാര്‍ മുരുകന്പാറയില് താമസിക്കുന്ന സഹോദരങ്ങളായ അഞ്ചല്‍, അമ്പാടി എന്നിവരും കണ്ടാലറിയാവുന്ന മറ്റൊരാളുമാണു തന്നെ മര്‍ദിച്ചതെന്നു ശ്രീകുമാര്‍ പറയുന്നു. 3,400 രൂപയും നഷ്ടപ്പെട്ടു.
ആനക്കല്ല് ശിവപാര്‍വതി മഹാഗണപതി ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളാണ് ആക്രമിക്കാന്‍ കാരണമെന്നു ശ്രീകുമാര്‍ പറയുന്നു.
ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേള തുടങ്ങാന്‍ താമസിച്ചതിനെ ചൊല്ലി അഞ്ചലും അമ്പാടിയും തര്‍ക്കം ഉന്നയിച്ചതോടെ പ്രശ്നത്തില്‍ ശ്രീകുമാര്‍ അടക്കമുള്ള കമ്മിറ്റിയംഗങ്ങള്‍ ഇടപെട്ടിരുന്നു.
ഇതിനെത്തുടര്‍ന്ന് ഇരുവരെയും മര്‍ദിച്ചതായി കാണിച്ച് അഞ്ചലും അമ്പാടിയും നെടുങ്കണ്ടം പോലീസില്‍ കമ്മിറ്റിയംഗങ്ങളായ നാലു പേര്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ആക്രമണം നടത്തിയത്.