അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം കീറിയതിന് ഗുജറാത്തിലെ കോൺഗ്രസ് എംഎൽഎക്ക് 99 രൂപ പിഴ. 2017ൽ നടന്ന സംഭവത്തിലാണ് ഗുജറാത്തിലെ നവസാരിയിലെ കോടതി ശിക്ഷവിധിച്ചത്.
കാർഷിക സർവകലാശാലയിൽ വിദ്യാർഥികൾ നടത്തിയ പ്രതിഷേധത്തിനിടെ വൈസ് ചാൻസലറുടെ ചേമ്പറിൽ കയറുകയും പ്രധാനമന്ത്രിയുടെ ചിത്രം കീറുകയും ചെയ്തുവെന്നുമായിരുന്നു എംഎൽഎ അനന്ത് പട്ടേലിനെതിരെയുണ്ടായിരുന്ന പരാതി.
വൻസ്ഡ (പട്ടികജാതി) നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ അനന്ത് പട്ടേൽ, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 447 പ്രകാരം കുറ്റക്കാരനാണെന്ന് അഡീഷണൽ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് വി.എ. ധാദൽ കണ്ടെത്തി.
പട്ടേലിനും യൂത്ത് കോൺഗ്രസ് അംഗങ്ങൾ ഉൾപ്പെടെ ആറ് പേർക്കുമെതിരെ വിവിധ വകുപ്പുകൾ പ്രകാരം ജലാൽപുർ പോലീസാണ് 2017ൽ കേസെടുത്തത്. പിഴ തുകയായ 99 രൂപ അടച്ചില്ലെങ്കിൽ ഏഴ് ദിവസത്തെ തടവ് ശിക്ഷ അനുഭവിക്കണമെന്നും കോടതി പറഞ്ഞു.