ചാലക്കുടി: അതിരപ്പിള്ളി റോഡിൽ പരിയാരം സിഎസ്ആർ വളവിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ചു വഴിയാത്രക്കാരിയും കാറിൽ സഞ്ചരിക്കുകയായിരുന്ന വീട്ടമ്മയും മരിച്ചു.
കാർ മരത്തിലിടിച്ച് ഡ്രൈവർക്കു ഗുരുതര പരിക്കേറ്റു.കൊന്നക്കുഴി കരിപ്പായി തോമസിന്റെ ഭാര്യ ആനി (60) വഴി യാത്രക്കാരി പരിയാരം ചില്ലായി ദേവസിക്കുട്ടിയുടെ ഭാര്യ അന്നം (75) എന്നിവരാണു മരിച്ചത്.
കാർ ഡ്രൈവർ കരിപ്പായി തോമസിനെ ഗുരുതര പരിക്കുകളോടെ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നുരാവിലെ ആറോടെയായിരുന്നു അപകടം.
സിഎസ്ആർ പള്ളിയിലേക്കു പോകുവാൻ റോഡ് മുറിച്ചു കടക്കുകയായിരുന്ന അന്നത്തിനെ കാർ ഇടിക്കുകയായിരുന്നു. ഇടിച്ച കാർ പിന്നീടു നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ വലിയ മരത്തിൽ ഇടിച്ചുകയറിയാണ് കാറിൽ യാത്ര ചെയ്തിരുന്ന ആനി മരിച്ചത്.
ആനിയെയും കൂടെയുണ്ടായിരുന്ന ഭർത്താവ് തോമസിനെയും അന്നത്തിനെയും ഫയർഫോഴ്സെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും അന്നത്തിന്റെയും ആനിയുടെയും ജീവൻ രക്ഷിക്കാനായില്ല.
കാർ ഓടിച്ചിരുന്ന തോമസിനെ ഗുരുതര പരിക്കുകളോടെ രാജഗിരി ആ ശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. സി എസ് ആർ വളവിൽ അപകടങ്ങൾ നിത്യ സംഭവമാണ്. മരിച്ച ആനിയുടെ മക്കൾ: അൻസൻ (പോളണ്ട്) സിൻസൻ (ദുബായ്).