ഡ്രൈവിംഗ് ലൈസൻസ് എടുക്കാനുള്ള നൂലാമാലകൾ ഓർത്ത് ഒന്നും വേണ്ടെന്ന് വെച്ചിരിക്കുന്നവരാകും ഏറെയും. അല്ലെങ്കിൽ ഒരുതവണ പരാജയപ്പെട്ട ശേഷം പിന്നീട് ശ്രമിക്കാത്തവരൊക്കെയാകും കൂടുതൽ പേരും.
എന്നാലിപ്പോഴിതാ നീണ്ട പതിനെട്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ 69കാരിയായ സ്ത്രീയ്ക്ക് ലൈസൻസ് ലഭിച്ചൊരു കഥ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
ദക്ഷിണ കൊറിയയിലാണ് സംഭവം നടക്കുന്നത്. ജിയോഞ്ജുവിലാണ് ചാ സാ-സൂൺ എന്ന സ്ത്രീയാണ് കഥാനായിക. 960 തവണ ടെസ്റ്റ് നടത്തിയ സ്ത്രീ ഇത്തവണ പരീക്ഷയിൽ വിജയിച്ചു.
959 തവണ യുവതി പരാജയപ്പെട്ടിരുന്നു.2005 ഏപ്രിലിലാണ് സാ-സൂൺ തന്റെ ആദ്യ എഴുത്തുപരീക്ഷ നടത്തുന്നത്.
പരീക്ഷ പാസാകാൻ സാ-സൂണിന് സാധിച്ചിരുന്നില്ല. ഒരുപാട് ശ്രമങ്ങൾക്കൊടുവിൽ ആഴ്ചയിൽ രണ്ടുതവണ എഴുത്തു പരീക്ഷ എഴുതാൻ തുടങ്ങി. അത് പാസായതോടെ പ്രാക്ടിക്കൽ ടെസ്റ്റിന്റെ ഊഴമായി.
പിന്നീട് 10 ശ്രമങ്ങൾക്കൊടുവിൽ ഡ്രൈവിംഗ് ടെസ്റ്റ് പാസായി. ആകെ 960 തവണ സാ-സൂണിന് പരീക്ഷ എഴുതേണ്ടി വന്നിരുന്നു.
ഇതിനെല്ലാം കൂടി സ-സൂൺ 11,000 പൗണ്ട് (ഏകദേശം 11 ലക്ഷം രൂപ) ചെലവഴിച്ചുവെന്നാണ് റിപ്പോർട്ടുകൾ.
ഒരു പച്ചക്കറി വിൽപ്പനക്കാരിയാണ് സാസൂൺ. ഈ ബിസിനസ് മുന്നോട്ട് കൊണ്ടുപോകാനായി സാ-സൂണിന് ഡ്രൈവിംഗ് ലൈസൻസ് ആവശ്യമായിരുന്നു.
അതിനാലാണ് സാ-സൂൺ തന്റെ ശ്രമങ്ങൾ പാതിവഴിയിൽ ഉപേക്ഷിക്കാതിരുന്നത്. ഇപ്പോൾ ആശ്വാസം തോന്നുന്നുവെന്ന് ഡ്രൈവിംഗ് പരിശീലകൻ പറഞ്ഞു.
സാ-സൂണിന് ഡ്രൈവിംഗ് ലൈസൻസ് ലഭിച്ചപ്പോൾ ഞങ്ങളെല്ലാവരും സന്തോഷിച്ചുവെന്നും പരിശീലകൻ പറഞ്ഞു.
നൂറുകണക്കിന് ശ്രമങ്ങൾക്കൊടുവിൽ സാ-സൂൺ ഒരു സെലിബ്രിറ്റിയായിരിക്കുകയാണ്. കാർ കമ്പനിയായ ഹ്യുണ്ടായിയുടെ പരസ്യത്തിലും സാ-സൂൺ പ്രത്യക്ഷപ്പെട്ടിരുന്നു.
ദക്ഷിണ കൊറിയൻ കമ്പനിയായ ഹ്യുണ്ടായി സാ-സൂണിന് 11,640 പൗണ്ട് (ഏകദേശം 11.78 ലക്ഷം രൂപ) വിലയുള്ള കാർ സമ്മാനമായി നൽകിയിട്ടുണ്ട്.
തുടർച്ചയായി ശ്രമിച്ചാൽ ലക്ഷ്യം കൈവരിക്കാൻ കഴിയുമെന്ന് താൻ വിശ്വസിക്കുന്നുവെന്ന് സാ-സൂൺ പറഞ്ഞു.