ന്യൂഡൽഹി: ഏപ്രിൽ ഒന്ന് മുതൽ മെർച്ചന്റ് യുപിഐ ഇടപാടുകൾക്ക് ഫീസ് ഈടാക്കുമെന്ന് നാഷണൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) അറിയിച്ചു.
പ്രീപെയ്ഡ് പേയ്മെന്റ് ഉപകരണങ്ങളായ (പിപിഐ) വാലറ്റുകളോ കാര്‍ഡുകളോ ഉപയോഗിച്ച് നടത്തുന്ന വ്യാപാര യുപിഐ ഇടപാടുകൾക്കാണ് 1.1 ശതമാനം ഇന്റർചേഞ്ച് ഫീസ് ബാധകമാക്കാൻ തീരുമാനമായത്.
ഇതിൻ പ്രകാരം 2,000 രൂപയിൽ കൂടുതൽ ഇടപാട് നടത്തുകയാണെങ്കിൽ നിരക്കുകൾ ഈടാക്കും. എന്നാൽ 2,000 രൂപയ്ക്ക് താഴെയുള്ള മെർച്ചന്റ് പേയ്മെന്റുകൾക്ക് സൗജന്യമായിരിക്കും.
വ്യക്തികൾ തമ്മിലോ, വ്യക്തികളും കടക്കാരും തമ്മിലുമുള്ള ബിസിനസിനോ ചാർജ് നൽകേണ്ടി വരില്ല. ഇന്റർചേഞ്ചിന്റെ തുടക്കം 0.5-1.1 ശതമാനം പരിധിയിലാണ്.
ബാങ്കുകളുടെയും സേവനദാതാക്കളുടെയും വരുമാനം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഫീ ഈടാക്കുന്നതെന്നും സെപ്റ്റംബറോടെ തീരുമാനം പുനഃപരിശോധിച്ച് വേണ്ട മാറ്റങ്ങൾ വരുത്തുമെന്നും എൻപിസിഐ അറിയിച്ചു.