കോഴിക്കോട്: കള്ളക്കടത്ത് സ്വര്‍ണം ‘പൊട്ടിക്കാന്‍’ എത്തിയ ആറുപേര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ അറസ്റ്റില്‍. മൂന്നു കാരിയര്‍മാരും പിടിയിലായിട്ടുണ്ട്. 1.75 കോടിയുടെ സ്വര്‍ണവുമായാണ് കാരിയര്‍മാര്‍ പിടിയിലായത്.
ഗള്‍ഫില്‍നിന്നു കടത്തികൊണ്ടുവരുന്ന സ്വര്‍ണം പോലീസുകാരാണെന്ന വ്യാജേന തട്ടിയെടുത്തു രക്ഷപ്പെടാനായിരുന്നു പൊട്ടിക്കല്‍ സംഘത്തിന്റെ പദ്ധതി.
ജിദ്ദയില്‍നിന്നുള്ള വിമാനത്തില്‍ കൊണ്ടുവരുന്ന സ്വര്‍ണത്തെക്കുറിച്ച് കാരിയര്സംഘത്തിലെ ഒരാളാണ് പൊട്ടിക്കല്‍ സംഘത്തെ അറിയിച്ചത്.
പൊട്ടിക്കല്‍ സംഘത്തിലെ ആറുപേര്‍ക്കും വിവരമറിയിച്ച കാരിയര്‍ക്കും തുല്യമായി ഇതു വീതിക്കാനായിരുന്നു പദ്ധതി. തന്റെ ഒപ്പമുള്ള രണ്ടുപേരുടെ കൈവശം 1.75 കോടിയുടെ സ്വര്‍ണം ഉണ്ടെന്നായിരുന്നു കാരിയര്‍ അറിയിച്ചത്.
ഇതു പ്രകാരം പൊട്ടിക്കല്‍ സംഘം രണ്ടു വാഹനങ്ങളില്‍ ആയുധങ്ങളുമായി കരിപ്പൂരില്‍ തമ്പടിച്ചു. പോലീസുകാര്‍ ആണെന്ന വ്യാജേന ഇവരെ തടഞ്ഞുനിര്‍ത്തി സ്വര്‍ണം തട്ടാനായിരുന്നു നീക്കം.
അതേസമയം ജിദ്ദ വിമാനത്തില്‍ കാരിയര്‍മാര്‍ സ്വര്‍ണവുമായി എത്തുന്ന വിവരമറിഞ്ഞ് കസ്റ്റംസ് ഉദ്യോഗസ്ഥരും കാത്തുനില്ക്കുകയായിരുന്നു.
വിമാനത്തില്‍ എത്തിയ ഉംറ യാത്രക്കാരായ ഷഫീഖ് (31), റമീസ് (28), ഫത്ത് (29) എന്നിവരെ സംശയം തോന്നിയതിനാല്‍ കസ്റ്റംസ് സംഘം എക്സ്റേ എടുക്കാന്‍ കൊണ്ടുപോയി. ഈ സമയം പുറത്തു കാത്തുനിന്ന പൊട്ടിക്കല്‍ സംഘം കസ്റ്റംസിനെ പിന്തുടര്ന്നു.
ഇവരുടെ പക്കല്‍നിന്ന് സ്വര്‍ണം തട്ടിയെടുക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. ഈ സമയം സംശയം തോന്നിയ വിമാനത്താവളത്തിലെ പോലീസുകാര്‍ പൊട്ടിക്കല്‍ സംഘത്തെ പിടികൂടുകയായിരുന്നു.
കാരിയര്‍മാരില്‍നിന്ന് നാലു കാപ്സ്യൂളായി ഒളിപ്പിച്ച സ്വര്‍ണം പിടികൂടി.രണ്ടു വാഹനങ്ങളും ആയുധങ്ങളും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പിടിയിലയാവര് പെരിന്തല്‍മണ്ണ, ഒറ്റപ്പാലം സ്വദേശികളാണ്.
കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ ആനന്ദ് കുമാര്‍, സൂപ്രണ്ടുമാരായ എം.പ്രകാശ്, കപില്‍ദേവ് സുരീര, ഇന്‍സ്പെക്ടര്‍മാരായ എം.പ്രതീഷ്, വിഷ്ണു അശോകന്, ഹരിസിംഗ് മീണ, ഹവീദാര്മാരായ ഇ.വി.മോഹനന്, അനില്‍കുമാര്‍ എന്നിവരാണ് കസ്റ്റംസ് സംഘത്തില്‍ ഉണ്ടായിരുന്നത്.