സ്വന്തം ലേഖിക
കൊച്ചി: മധ്യവേനലവധിക്കാലം തുടങ്ങിയതോടെ മക്കളുടെ കാര്യത്തിൽ ശ്രദ്ധവേണമെന്ന മുന്നറിയിപ്പുമായി കേരള പോലീസ്. മാതാപിതാക്കൾ ഇരുവരും ജോലിക്കാരാകുന്ന കുടുംബങ്ങളിൽ പലപ്പോഴും കുഞ്ഞുങ്ങളെ വീട്ടിൽ തനിച്ചാക്കേണ്ട അവസ്ഥയുണ്ടാകാറുണ്ട്.
ഇത്തരം സന്ദർഭങ്ങളിൽ കുട്ടികൾ ചൂഷണത്തിന് ഇരയായേക്കാമെന്ന് പ്രത്യേക ജാഗ്രത വേണമെന്നാണ് പോലീസ് മുന്നറിയിപ്പ്.
യൂണിസെഫിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത് ദശലക്ഷക്കണക്കിനു കുട്ടികൾ സ്വന്തം വീട്ടിനുള്ളിലോ ബന്ധുക്കളുടെയോ അയൽവാസികളുടെ വീടുകളിലോ അതുമല്ലെങ്കിൽ സ്കൂളുകളിലോ വച്ച് ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നാണ്.
കുട്ടികളെ ദുരുപയോഗം ചെയ്യുന്നവർ അവർക്ക് അടുപ്പമുള്ളവർ തന്നെയാണെന്നാണ് നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ കണക്കുകൾ പറയുന്നത്.
കുട്ടികൾക്കായി സമയം കണ്ടെത്തണം
ദിവസവും ഒരു മണിക്കൂറെങ്കിലും കുട്ടികളുമായി സൗഹൃദ സംഭാഷണം നടത്താൻ രക്ഷിതാക്കൾ സമയം കണ്ടെത്തണം. എങ്കിൽ മാത്രമേ കുട്ടികൾ രക്ഷിതാക്കളുമായി ഇത്തരം സംഭവങ്ങൾ പങ്കുവയ്ക്കാൻ തയാറാവൂ.
കുട്ടികൾ ചൂഷണത്തിനിരയാകുന്ന സാഹചര്യങ്ങൾ മാതാപിതാക്കൾ അവരെ ബോധ്യപ്പെടുത്തണം. അങ്ങനെ ആരിൽ നിന്ന് സംഭവിച്ചാലും ഉടനെ തുറന്നു പറയാനുള്ള സാഹചര്യം വീട്ടിലുണ്ടാകണം. കുട്ടികളെ കുറ്റപ്പെടുത്താതെ അനുഭാവ പൂർവം കേട്ട് സാന്ത്വനപ്പെടുത്തി പരിഹാരം കാണണം.
മാതാപിതാക്കളെ,ഇതു ശ്രദ്ധിക്കൂ…
കുട്ടിയെ തനിച്ചായി കിട്ടാൻ അവസരമുള്ള വീടുകളിൽ കുട്ടികളെ നിർത്തരുത്. കുട്ടികളുടെ വസ്ത്രധാരണത്തിലും ശ്രദ്ധ പുലർത്തണം.
കുട്ടിയെ അമിതമായി ലാളിക്കുന്നവരെ പ്രത്യേകം ശ്രദ്ധിക്കണം
പെട്ടെന്നൊരു ദിവസം ഒരാളോട് കുട്ടിയുടെ മനോഭാവത്തിൽ എന്തെങ്കിലും മാറ്റം ഉണ്ടാകുന്നുണ്ടെന്ന് കണ്ടാൽ, അയാളെക്കുറിച്ച് അന്വേഷിക്കണം
കുട്ടികളുടെ പെരുമാറ്റത്തിൽ ഉണ്ടാകുന്ന മാറ്റം, ഭയം, സ്വകാര്യഭാഗങ്ങളിലെ വേദന, ക്ഷീണം എന്നീ ലക്ഷണങ്ങൾ തിരിച്ചറിയുക.
സ്മാർട്ട് ഫോണുകൾ കളിക്കാൻ നൽകിയാണ് ഇത്തരക്കാർ കുട്ടികളെ വശത്താക്കുന്നത്. അതുകൊണ്ടു തന്നെ അത്തരം സംഭവങ്ങളും കുട്ടികളോട് പറഞ്ഞ് ബോധ്യപ്പെടുത്തണം.
വാച്ച്, പണം, ഫോണ് എന്നിങ്ങനെയുള്ള പ്രത്യേക സമ്മാനങ്ങൾ നൽകിയാണ് ആണ്കുട്ടികളെ വശത്താക്കുന്നത്. പെട്ടെന്നൊരു ദിവസം കുട്ടികളുടെ കൈയിൽ ഇവ കണ്ടാൽ മാതാപിതാക്കൾ അവരെ പ്രത്യേകം ശ്രദ്ധിക്കണം.
മൊബൈൽ ഫോണിന്റെയും ഇന്റർനെറ്റിന്റെയും ദുരുപയോഗം കുട്ടികളെ പറഞ്ഞു ബോധ്യപ്പെടുത്തണം. ആരോഗ്യകരമായ ലൈംഗിക അവബോധം അവരിൽ സൃഷ്ടിക്കണം. എങ്കിൽ മാത്രമേ പ്രശ്നങ്ങൾക്ക് പരിഹാരമാകൂ.