മങ്കൊമ്പ്: വിവാഹാലോചനകളും, ആലോചനകളുടെ മുടക്കവും യുവാക്കളുള്ള ഏതൊരു നാട്ടിലും പതിവാണ്.
മുടങ്ങുന്ന വിവാഹങ്ങളിൽ ആരുടെയെങ്കിലും ഇടപെടൽ മൂലമുണ്ടാവയും കാണാം. നാടായാൽ കല്യാണാലോചനകളും മുടക്കലും ഉണ്ടാകാമെന്നു സാരം.
എന്നാൽ ഒരുനാട്ടിലെ മുഴുവൻ ചെറുപ്പക്കാർക്കും വരുന്ന അത്രയും ആലോചനകളും മുടങ്ങുന്നതു പതിവായാൽ എന്തു ചെയ്യും. ?
നാട്ടിലെ യുവാക്കൾ ഉണർന്നെഴുനേൽക്കുമെന്ന കാര്യത്തിൽ സംശയമില്ല. ആലപ്പുഴ ജില്ലയിൽ കുട്ടനാട്ടിലെ വെളിയനാട് ഗ്രാമപഞ്ചായത്തിലാണ് പതിവായി വിവാഹം മുടങ്ങുന്ന യുവാക്കൾ അന്വേഷണവും പ്രതികരണവുമായി രംഗത്തെത്തിയത്.
കുട്ടനാടിന്റെ ഭൂമിശാസ്്ത്രപരമായ പ്രത്യേകതൾ മൂലം ഏറെ പ്രയാസപ്പെട്ടാണ് ചെറുപ്പക്കാർ ഒരു വിവാഹാലോചന തരപ്പെടുത്തുന്നത്.
ഇരുവീട്ടുകാരും തമ്മിൽ ഏറെക്കുറെ ധാരണയിലെത്തുന്ന സാഹചര്യത്തിൽ പെട്ടെന്നൊരു ദിവസം വധുവിന്റെ ആളുകൾ ആലോചനയിൽനിന്നു പിൻമാറുന്നതു പതിവാകുന്നു.
ആറോളം ആലോചനകൾ വരെ അവസാനഘട്ടത്തിൽ മുടങ്ങിയ ചെറുപ്പക്കാർ പ്രദേശത്തുണ്ട്. ഇതെത്തുടർന്നു യുവാക്കൾ നടത്തിയ അന്വേഷണത്തിൽ ഒരു പറ്റം ആളുകളുടെ അപവാദപ്രചാരണങ്ങളാണ് വിവാഹങ്ങൾ മുടക്കുന്നതെന്നു മനസിലായി.
എന്നാൽ ഇതിന് പിന്നിലുള്ള വ്യക്തികളെ കണ്ടെത്താൻ സാധിക്കാതെ വന്നതോടെ ഒരു പറ്റം ചെറുപ്പക്കാർ കല്യാണം മുടക്കികൾക്ക് മുന്നറിയിപ്പായി ഫ്ളക്സ് ബോർഡ് സ്ഥാപിക്കുകയായിരുന്നു.
പ്രദേശത്തെ നാലാൾ കൂടുന്ന കവലയായ പുളിൻചുവട് ജഗ്ഷനിലാണ് ഫ്ളക്സ് ബോർഡ് സ്ഥാപിച്ചത്. ഫ്ളക്സ് ബോർഡിൽ എഴുതിയിരിക്കുന്ന മുന്നറിയിപ്പിങ്ങനെ.
കല്യാണം മുടക്കികളുടെ ശ്രദ്ധയ്ക്ക്… നാട്ടിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും കല്യാണം മുടക്കുന്ന കല്യാണം മുടക്കികളുടെ ശ്രദ്ധയ്ക്ക്.
ആളെ തിരിച്ചറിഞ്ഞാൽ നിങ്ങളുടെ പ്രായം, ജാതി, മതം, രാഷ്ട്രീയം എന്നിവ നോക്കാതെ അത് ഏത് ചങ്ങാതിയുടെ തന്തയായാലും തള്ളയായാലും വീട്ടിൽ കയറി തല്ലുന്നതായിരിക്കും.
എന്നാൽ ഫ്ളക്സ് വച്ച നടപടിയിൽ അതൃപ്തി തോന്നിയവരിൽ ആരോ ഏറെ താമസിയാതെ തന്നെ ഇതു കീറിനശിപ്പിക്കുകയും ചെയ്തിരിക്കുകയുമാണ്.