ചുങ്കക്കുന്ന് (ഇരിട്ടി): പുഴയിൽ മുങ്ങിമരിച്ച ലിജോയ്ക്കും നെവിനും നാടിന്റെ അന്ത്യാഞ്ജലി. നാടിനു പ്രിയപ്പെട്ട ലിജോയെയും പൊന്നോമനയായ നെവിനെയും അവസാനമായി ഒരുനോക്ക് കാണാൻ ഒഴുകിയെത്തിയത് ആയിരങ്ങൾ.
കൊട്ടിയൂർ ഒറ്റപ്ലാവ് സ്വദേശിയായ നെടുമറ്റത്തിൽ ലിജോ ജോസ് ഏവർക്കും പ്രിയങ്കരനായിരുന്നു .
സംഭവം അറിഞ്ഞപ്പോൾത്തന്നെ ലിജോയുടെ ഒറ്റപ്ലാവിലെ ഭവനത്തിലേക്ക് തങ്ങളുടെ പ്രിയപ്പെട്ടവരെ അവസാനമായി ഒരുനോക്ക് കാണാൻ ജനപ്രവാഹമായിരുന്നു.
തുടർന്ന് ഇന്നലെ രാവിലെ 12ഓടെ വീട്ടിലെ ചടങ്ങുകൾക്കുശേഷം ഇരുവർക്കും ഒറ്റപ്ലാവ് സെന്റ് അൽഫോൻസ ദേവാലയ സെമിത്തേരിയിൽ ഒരുമിച്ച് അന്ത്യവിശ്രമം ഒരുക്കി.
ഒറ്റപ്ലാവ് പള്ളി വികാരി ഫാ. വിനോദ് പാക്കാനിക്കുഴി, ഫാ. ഐഫിൻ തുടങ്ങിയവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. സണ്ണി ജോസഫ് എംഎൽഎ, ജില്ലാ പഞ്ചായത്തംഗം ജൂബിലി ചാക്കോ, കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം,
കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ തുടങ്ങി രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ അന്തിമോപചാരമർപ്പിക്കാൻ എത്തി.
ശനിയാഴ്ച രാവിലെ 11 ഓടെയായിരുന്നു നാടിനെ കണ്ണീരിലാഴ്ത്തിയ ദാരുണ സംഭവം. അവധിക്കാലം ആഘോഷിക്കാൻ കുട്ടികളെയും കൂട്ടി പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു ലിജോ.
തന്റെ പ്രിയപ്പെട്ട മകനെയും തോളിലിരുത്തി പുഴയിലേക്കു നടന്നിറങ്ങിയപ്പോൾ പതിയിരുന്ന അപകടം മനസിലാക്കാൻ ലിജോയ്ക്കും കഴിഞ്ഞിരിക്കില്ല.
പുഴയുടെ മധ്യഭാഗത്തെത്തിയപ്പോഴേക്കും പുഴയിൽ മറഞ്ഞിരുന്ന കയത്തിലേക്ക് കാൽവഴുതി വീണു മുങ്ങിപ്പോകുകയായിരുന്നു ലിജോയും മകൻ നെവിനും.
ആദ്യം ഇരുവരും കളിക്കുകയാണെന്നു കരുതിയെങ്കിലും കൂടെയുണ്ടായിരുന്ന കുട്ടികൾ അപകടം മനസിലാക്കി നിലവിളിച്ച് ആളെ കൂട്ടിയപ്പോഴേക്കും ഏറെ വൈകിയിരുന്നു.