ചെന്നൈ കലാക്ഷേത്രയിലെ മലയാളം അധ്യാപകന് ലൈംഗിക പീഡന പരാതിയില്‍ അറസ്റ്റില്‍. പൂര്‍വ വിദ്യാര്‍ഥിയാണ് പരാതി നല്‍കിയത്.
ഹരി പത്മന് എന്ന അധ്യാപകനാണ് അറസ്റ്റിലായത്. പഠനകാലയളവിലും അതിനു ശേഷവും അധ്യാപകന് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതി ആരോപിച്ചത്.
പെണ്‍കുട്ടിയുടെ പരാതിയില്‍ അഡയാര്‍ വനിതാ പോലീസ് കേസെടുത്തിരുന്നു. മൂന്ന് ദിവസം മുമ്പാണ് ഇയാള്‍ക്കെതിരേ കേസെടുത്തത്.
ഹരിപത്മനെതിരേ നടപടി ആവശ്യപ്പെട്ട് കലാക്ഷേത്രയില്‍ വിദ്യാര്‍ത്ഥികള്‍ സമരം ആരംഭിച്ചിരുന്നു. ഇയാള്‍ക്കെതിരേ കേസെടുത്തതോടെയാണ് സമരം പിന്‍വലിച്ചത്.
സ്ത്രീത്വത്തെ അവഹേളിച്ചു എന്നതടക്കം മൂന്ന് വകുപ്പുകളാണ് ചുമത്തിയത്. ഹരി പത്മനു പുറമേ, സഞ്ജിത് ലാല്‍, സായി കൃഷ്ണന്, ശ്രീനാഥ് എന്നിവരുടെ പേരിലും ആരോപണങ്ങളുണ്ട്.
എന്നാല്‍ ഹരി പത്മന് എതിരെ മാത്രമാണ് പോലീസില്‍ പരാതി ലഭിച്ചത്. കലാക്ഷേത്ര ഫൗണ്ടേഷനിലെ രുക്മിണീദേവി കോളേജ് ഫോര്‍ ഫൈന്‍ ആര്‍ട്സിലെ അധ്യാപകനാണ് ഹരി പത്മന്.
2015മുതല്‍ 2019 വരെ ഇവിടെ വിദ്യാര്‍ത്ഥിനിയായിരുന്ന യുവതി കോഴ്സ് തീരും മുമ്പ് പഠനം അവസാനിപ്പിച്ചിരുന്നു.
വെള്ളിയാഴ്ച്ച കലാക്ഷേത്രയില്‍ സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷയ്ക്ക് മുന്നില്‍ 90 കുട്ടികള്‍ രേഖാമൂലം പരാതി നല്‍കിയിരുന്നു.
വിദ്യാര്‍ത്ഥി സമരത്തെ തുടര്‍ന്ന് ഏപ്രില്‍ ആറുവരെ സ്ഥാപനം അടച്ചിരുന്നു. വാട്സ്ആപ്പിലും മറ്റും ലൈംഗികച്ചുവയുള്ള സന്ദേശങ്ങളും അധ്യാപകര്‍ വിദ്യാര്‍ഥിനികള്‍ക്ക് അയക്കാറുണ്ടെന്നും പരാതിയുണ്ട്.