കോഴിക്കോട് (കൊയിലാണ്ടി): എലത്തൂരില്‍ ഇന്നലെ രാത്രി ഓടുന്ന ട്രെയിനില്‍ അക്രമി തീയിടുകയും പ്രാണരക്ഷാര്‍ഥം ട്രാക്കിലേക്കു ചാടിയവരിൽ പിഞ്ചുകുഞ്ഞടക്കം മൂന്നു പേർ മരിക്കുകയും ഒമ്പത് പേര്‍ക്ക് പൊള്ളലേൽക്കുകയും ചെയ്ത സംഭവത്തിൽ തീവ്രവാദബന്ധവും അന്വേഷിക്കുന്നു.
ആക്രമണത്തിന് തെരഞ്ഞെടുത്ത സ്ഥലം പാലത്തിനു സമീപമാണെന്നത് കൂട്ടക്കുരുതിയാണ് അക്രമി ലക്ഷ്യമിട്ടിരുന്നതെന്ന സംശയം ഉയർത്തുന്നു. ഡി-2 കോച്ചിൽനിന്നു ഡി-1ലേക്കു വന്ന അക്രമി, നേരേ ആക്രമണത്തിലേക്ക് കടക്കുകയായിരുന്നു.
പെട്രോൾ ആളുകളുടെ ശരീരത്തിലേക്ക് സ്പ്രേ ചെയ്ത ശേഷം തീ കൊടുക്കുകയായിരുന്നു. അക്രമി മധ്യവയസ്ക്കനാണെന്ന വിവരമാണ് ദൃക്സാക്ഷികൾ നൽകുന്നത്.
ടിക്കറ്റ് എടുക്കാതെയാണ് ഇയാൾ ടെയിനിൽ കയറിയതെന്നും അറിയുന്നു.ഇയാള്‍ രക്ഷപ്പെട്ട ബൈക്ക് കേന്ദ്രീകരിച്ചാണ് അന്വേഷണം.
അക്രമിയുടെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. അക്രമിയെ കണ്ടെത്താൻ കേരള പോലീസും റെയിൽവേ പോലീസും സംയുക്തമായാണ് അന്വേഷണം.
സംഭവം നടന്ന ഡിവണ്‍, ഡി2 കോച്ചുകള്‍ സീല്‍ ചെയ്തു.അക്രമി ബാഗ് ഉപേക്ഷിച്ച് പോയത് കേസ് വഴിതിരിച്ചുവിടാനുള്ള ശ്രമത്തിന്റെ ഭാഗമാണോ എന്ന കാര്യം പോലീസ് പരിശോധിക്കുന്നുണ്ട്.
ഇത്ര കൃത്യമായി അക്രമം നടത്തിയയാൾ ബാഗ് ഉപേക്ഷിച്ചുപോകാനുള്ള സാധ്യത വിരളമാണെന്നാണ് പോലീസ് പറയുന്നത്. കോഴിക്കോട്ടെ സംഭവം അതീവ ഗൗരവത്തോടെയാണ് കേന്ദ്രം കാണുന്നത്.
കേരളം തീവ്രാവാദ ഹബ്ബായി മാറുന്നുവെന്ന ആക്ഷേപം കേന്ദ്രസര്‍ക്കാര്‍ പലപ്പോഴായി ഉന്നയിച്ചിരിക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.