കോഴിക്കോട്: എലത്തൂരില്‍ ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ തീവച്ചസംഭവത്തില് പ്രതിയെന്ന് സംശയിക്കുന്ന ഷാറൂഖ് സെയ്ഫിന്റെ വിവരങ്ങള്‍ തേടി പോലീസ് ഉത്തര്‍ പ്രദേശിലെ നോയിഡയില്‍ എത്തി.
കോഴിക്കോട്ടെ റെയില്‍വേ പോലീസുകാർ ഉൾപ്പെട്ട സംഘം പ്രതിയുടെ ബന്ധുക്കളുടെ മൊഴിയെടുക്കും. പ്രതിയെക്കുറിച്ചുള്ള വിശദവിവരങ്ങളും ശേഖരിക്കും.
ആക്രമണം നടന്ന സ്ഥലത്ത് ട്രാക്കില്‍ ഉപക്ഷേിച്ചനിലയില് കണ്ടെത്തിയ ബാഗില്‍നിന്നാണു പ്രതിയെന്നു സംശയിക്കുന്ന ഉത്തരേന്ത്യക്കാരനിലേക്ക് പോലീസ് എത്തിയത്.
എന്നാല്‍ പ്രതി ഷാറൂഖ് സെയ്ഫ് ആണെന്ന കാര്യം പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പ്രതി കസ്റ്റഡിയില്‍ ഉണ്ടെന്ന വിവരം പോലീസ് ഇന്നു രാവിലെയും നിഷേധിച്ചു.
നിലവിൽ പോലീസ് സംശയിക്കുന്ന ഷാറൂഖ് സെയ്ഫാണ് പ്രതിയെങ്കിൽ സ്വയം മരിക്കാന്‍ പോലും തയാറായാണ് അയാൾ ട്രെയിനില്‍ കയറിയതെന്ന വിവരമാണ് പോലീസ് കേന്ദ്രങ്ങളിൽനിന്നു ലഭിക്കുന്നത്.
ഇയാള്‍ ജോലിചെയ്തുവെന്ന് കരുതപ്പെടുന്ന കോഴിക്കോട് അശോകപുരത്ത് അന്വേഷണസംഘം രഹസ്യമായി പരിശോധന നടത്തിയിരുന്നു.
സംസ്ഥാനത്താകെ ഇതരസംസ്ഥാനക്കാരുടെ ക്യാമ്പുകളിൽ വ്യാപക തെരച്ചിൽ നടത്തി വരുന്നു. ഷാറൂഖിന്റെ ഫേസ് ബുക്ക് അക്കൗണ്ടുകൾ പരിശോധിച്ചുവരികയാണ്. മാര്‍ച്ച് 31നാണ് ഇയാളുടെ ഫോണ്‍ അവസാനമായി പ്രവര്‍ത്തിച്ചത്.
തീവയ്പ് എന്തിന്?
പ്രതി വലയിലാകുന്നതിനേക്കാള് അക്രമം നടത്താനുണ്ടായ കാരണം എന്താണെന്നതിനെക്കുറിച്ചാണ് അന്വേഷണസംഘം തുടക്കം മുതലേ പരിശോധിക്കുന്നത്. ഇതേക്കുറിച്ചു സൂചനകൾ ലഭിക്കാത്തതാണു പോലീസ് നേരിടുന്ന വലിയ വെല്ലുവിളി.
അക്രമത്തിന്റെ രീതിയും തുടര്‍ന്നുള്ള രക്ഷപ്പെടലും പ്രതിക്ക് ആരുടെയൊക്കെയോ സഹായം ലഭിച്ചിട്ടുണ്ടെന്ന ശക്തമായ സംശയം ഉയർത്തുന്നുണ്ട്. തീവ്രവാദബന്ധം ഉള്‍പ്പെടെ അന്വേഷിക്കുന്നത് ഇതിന്റെയടിസ്ഥാനത്തിലാണ്.
ഓടുന്ന ട്രെയിനിൽ നടന്ന തീവയ്പ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വളരെ ഗൗരവമായിട്ടാണ് എടുത്തിരിക്കുന്നത്. രാജ്യവിരുദ്ധശക്തികളുടെ സഹായം പ്രതിക്ക് ലഭിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ചു വിശദമായ അന്വേഷണം നടത്തും.
പ്രതിക്ക് പിന്നിൽ ആരൊക്കെ?
പ്രതിയെ കണ്മുന്നില്തന്നെ നിര്‍ത്തുകയും പിന്നില്‍ പ്രവര്‍ത്തിച്ചവരെ വലയിലാക്കുകയും ചെയ്യുക എന്ന നിര്‍ദേശമാണ് അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്നതെന്നാണ് അറിയുന്നത്.
അന്വേഷണവിവരങ്ങള്‍ ദേശീയമാധ്യമങ്ങള്‍ വഴിയും മറ്റും പുറത്തെത്തുന്നത് ഒരു പരിധിവരെ തടയാന്‍ പോലീസ് ശ്രമിക്കുന്നുണ്ട്.
ത്രിതല അന്വേഷണം നടക്കുന്നതിനാൽ ഏതെങ്കിലും ഒരു കേന്ദ്രത്തിൽനിന്ന് അന്വേഷണവിവരം പുറമേക്കു ലഭിക്കാനും ബുദ്ധിമുട്ടാണ്.
അന്വേഷണ പുരോഗതി വിലയിരുത്താൻ ഇന്ന് ഉന്നതതലയോഗം ചേരും. അക്രമം നടന്ന ട്രെയിനിലെ രണ്ടു ബോഗികളും കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ നാലാം പ്ലാറ്റ്ഫോമിന് സമീപം നിര്‍ത്തിയിട്ടിരിക്കുകയാണ്.
ചികിത്സയില്‍ ഇപ്പോഴും ഏഴുപേര്‍
ഞായറാഴ്ച രാത്രി ഒന്‍പതരയോടെയാണ് എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിൽ അക്രമി തീവച്ചത്. തീ പടർന്നതോടെ ട്രെയിനിൽനിന്നു ചാടിയ മൂന്നു പേർ മരിച്ചിരുന്നു.
എട്ടു പേർക്ക് പൊള്ളലേറ്റു. ഇതിൽ ഏഴു പേർ ഇപ്പോഴും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ചികിത്സയിലുള്ള അനിൽ കുമാറിന്റെ ആരോഗ്യ നില മെച്ചപ്പെട്ടു.
അനിൽ കുമാറിന് 35 ശതമാനം പൊള്ളലേറ്റിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന പ്രകാശൻ ആശുപത്രി വിട്ടു.
സംസ്ഥാനത്താകെ പോലീസ് പരിശോധനയ്ക്കു നിർദേശം
കോഴിക്കോട്: എലത്തൂർ ട്രെയിൻ ആക്രമണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്താകെ പോലീസ് പരിശോധനയ്ക്ക് നിർദേശം. എല്ലാ പോലീസ് സ്റ്റേഷനുകളിലും ഇതുസംബന്ധിച്ചു നിർദേശം നൽകി.
റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, ഹോട്ടലുകൾ, ഇതര സംസ്ഥാനക്കാരുടെ ക്യാമ്പുകൾ തുടങ്ങിയ സ്ഥലങ്ങളിൽ പരിശോധന നടത്താനാണ് നിർദേശം.
സംശയാസ്പദമായി കണ്ടെത്തുന്നവരെ കസ്റ്റഡിയിൽ എടുക്കാനും നിർദേശിച്ചു.സംസ്ഥാന അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കാനും അറിയിപ്പ് നൽകി.