കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ ഗ്രൂപ്പുകൾ ഉണ്ടാക്കി പ്രത്യേക കോഡ് ഉപയോഗിച്ച് നഗരത്തിൽ ലഹരി വില്പന നടത്തിയിരുന്ന നാലംഗ സംഘം അറസ്റ്റിലായ കേസിൽ പ്രതികൾ ലഹരിമരുന്ന് എത്തിച്ചിരുന്നത് ബംഗളൂരുവിൽനിന്ന്.
ഇവർക്ക് എംഡിഎംഎ നൽകിയിരുന്ന ആളെ കേന്ദ്രീകരിച്ച് എക്സൈസ് സംഘം അന്വേഷണം ആരംഭിച്ചു.കേസുമായി ബന്ധപ്പെട്ട് മട്ടാഞ്ചേരി സ്വദേശികളായ മുഹമ്മദ് ഇർഫാൻ (21), ആഷിദ് അഫ്സൽ (22), ഇടുക്കി കട്ടപ്പന സ്വദേശി തോമസ് സാബു (തോമാ, 25), ഇടുക്കി കാഞ്ചിയാർ സ്വദേശി അജേഷ്(23) എന്നിവരെയാണ് എറണാകുളം എൻഫോഴ്സ്മെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ സ്പെഷൽ ആക്ഷൻ ടീം പിടികൂടിയത്.
ഇരിൽനിന്നും ആറ് ഗ്രാം എംഡിഎംഎ, മയക്കുമരുന്ന് ഇടപാടിന് ഉപയോഗിച്ചിരുന്ന ഒരു ആഡംബര കാർ, ന്യൂജനറേഷൻ ബൈക്ക്, അഞ്ച് സ്മാർട്ട് ഫോണ് എന്നിവ എക്സൈസ് കസ്റ്റഡിയിലെടുത്തു.
മയക്കു മരുന്ന് കേസിൽ പിടിക്കപ്പെട്ട് ഏഴ് മാസത്തോളം റിമാൻഡിൽ കഴിയുകയായിരുന്ന മുഹമ്മദ് ഇർഫാൻ കഴിഞ്ഞിടെ ജാമ്യത്തിൽ ഇറങ്ങിയശേഷം വീണ്ടും മയക്കുമരുന്ന് ഇടപാട് നടത്തുന്നതിനിടെയാണ് പിടിയിലായത്.
പനന്പിള്ളിനഗർ ഭഗത്തുവച്ച് മയക്കുമരുന്ന് കൈമാറാനെത്തിയ മുഹമ്മദ് ഇർഫാൻ, തോമസ് സാബു, അജേഷ് എന്നിവരെ രഹസ്യ വിവരത്തെത്തുടർന്നാണ് പിടികൂടിയത്.
തുടർന്ന് ഇവരുടെ പങ്കാളിയായ ആഷിദ് അഫ്സലിനെ കലൂർ സ്റ്റേഡിയം ഭാഗത്തുനിന്നും അറസ്റ്റ് ചെയ്തു. എക്സൈസ് പിടിയിലാകുന്പോൾ ഇവർ മാരക ലഹരിയിൽ ആയിരുന്നു.
ഏറെനേരത്തെ പരിശ്രമത്തിനൊടുവിലാണ് എക്സൈസ് സംഘം ഇവരെ കീഴ്പ്പെടുത്തിയത്. തോമസ് സാബു ഇടുക്കി എക്സൈസിൽ നിന്നും രക്ഷപ്പെട്ട് നടക്കുന്നതിനിടെയാണ് പിടിയിലായിട്ടുള്ളത്.
സമൂഹമാധ്യമങ്ങളിൽ ഗ്രൂപ്പുകൾ ഉണ്ടാക്കി “ജോമോൻ’ എന്ന പ്രത്യേക കോഡ് ഉപയോഗിച്ചായിരുന്നു മയക്കുമരുന്ന് കൈമാറ്റം. മയക്കു മരുന്നുകളുടെ പേര് ഇതിലൂടെ വെളിപ്പെടുത്തിയിരുന്നില്ല.
ബംഗളൂരുവിൽ നിന്ന് രാസലഹരി എത്തിക്കഴിഞ്ഞാൽ “ജോമോൻ ഓണ് ആയിട്ടുണ്ട്’ എന്ന കോഡ് ഗ്രൂപ്പുകളിലൂടെ അറിയിക്കും. പിന്നീട് ആവശ്യക്കാരുടെ അടുക്കലെത്തിയാണ് കൈമാറ്റം.
മുഹമ്മദ് ഇർഫാൻ, തോമസ് സാബു എന്നിവർ ചേർന്ന് ബംഗളൂരുവിൽനിന്ന് മയക്കുമരുന്ന് എറണാകുളത്ത് എത്തിച്ചശേഷം മുറി വാടകക്കെടുത്ത് ആഷിദിന്റെയും അജേഷിന്റെയും സഹായത്തോടെ നഗരത്തിൽ വിൽക്കുകയായിരുന്നു രീതി.
കാർ റൈഡിംഗ്, ബൈക്ക് സ്റ്റണ്ടിംഗ് തുടങ്ങിയവയിൽ പങ്കെടുക്കുന്ന ആവശ്യക്കാർക്ക് പറയുന്ന സ്ഥലത്ത് മയക്കുമരുന്ന് എത്തിച്ച് കൈമാറിയ ശേഷം വേഗത്തിൽ കടന്നുകളുന്നതാണ് വിൽപ്പന രീതി.