ആംസ്റ്റര്‍ഡാം: ലൈംഗികത്തൊഴിലിന് നടപടിക്രമവും സമയക്രമീകരണവും കൊണ്ടുവരാനുള്ള നീക്കത്തിനെതിരേ ആംസ്റ്റര്‍ഡാലെ ലൈംഗികത്തൊഴിലാളികള്‍ പ്രതിഷേധത്തില്‍.
ലൈംഗികത്തൊഴില്‍ എടുക്കാനുള്ള സമയം പുലര്‍ച്ചെ മൂന്ന് മണിവരെയാക്കി നിയന്ത്രിക്കുകയും ലൈംഗികത്തൊഴിലിനായി പ്രത്യേക സെന്റര്‍ കൊണ്ടുവരാനുമുള്ള നീക്കമാണ് പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്.
ലോകത്തെ സെക്‌സ്ടൂറിസത്തിന്റെ വലിയ മേഖലയാണ് ഡച്ചു നഗരമായ ആംസ്റ്റര്‍ഡാം.
നിലവില്‍ പുലര്‍ച്ചെ 6 മണി വരെ ലൈംഗികത്തൊഴില്‍ ചെയ്യാന്‍ അനുമതിയുള്ളപ്പോള്‍ അത് പുലര്‍ച്ചെ 3 മണിക്ക് അവസാനിപ്പിക്കണമെന്ന നിര്‍ദേശം വ്യാപക എതിര്‍പ്പാണ് വിളിച്ചുവരുത്തുന്നത്.
ഈ നീക്കം ലൈംഗികത്തൊഴിലാളികളുടെ വരുമാനത്തില്‍ ഗണ്യമായ ഇടിവ് വരുത്തുമെന്നും മടക്കയാത്രയില്‍ ഇവരുടെ സുരക്ഷയെ ബാധിക്കുമെന്നതുമാണ് പ്രതിഷേധത്തിന് കാരണം.
തൊഴില്‍ ചെയ്തു കിട്ടുന്ന പണവുമായി പുലര്‍ച്ചെ 3 മണിക്ക് വീട്ടിലേക്ക് മടങ്ങാന്‍ കഴിയില്ലെന്നാണ് ഇവരുടെ വാദം.
മിക്ക ലൈംഗികത്തൊഴിലാളികളും പണി ആരംഭിക്കുന്നത് തന്നെ 12 മണിക്കും ഒരു മണിക്കും ശേഷമാണെന്നും ബാറുകളും മറ്റും അടയ്ക്കുന്ന് സമയത്താണ് തങ്ങളുടെ തൊഴില്‍ ആരംഭിക്കുക എന്നും ലൈംഗികത്തൊഴിലാളികള്‍ പറയുന്നു.
ഒന്നോ രണ്ടോ മണിക്കൂറുകള്‍ കൊണ്ട് ഒന്നും നേടാനാകില്ല. പുതിയ സമയക്രമീകരണം വരുത്തുന്നതിന് പകരം സുരക്ഷയ്ക്ക് കൂടുതല്‍ പോലീസുകാരെ വിന്യസിപ്പിക്കുകയാണ് വേണ്ടതെന്നും ലൈംഗികത്തൊഴിലാളി യൂണിയന്‍ പറയുന്നു.
അതുപോലെ തന്നെ ഇത്തരം തൊഴില്‍ ചെയ്യാന്‍ ‘ഇറോട്ടിക് സെന്റര്‍’ തുറക്കാനുള്ള നീക്കത്തെയും ഇവര്‍ എതിര്‍ക്കുന്നുണ്ട്.
ഈ ബിസിനസിനായി നഗരത്തിന് പുറത്ത് ഇത്തരം സെന്റര്‍ തുറക്കുന്നതും വരുമാനത്തെ ബാധിക്കുമെന്ന് ഇവര്‍ പറയുന്നു.
വ്യാഴാഴ്ചയായിരുന്നു സിറ്റി കൗണ്‍സില്‍ ലൈംഗികത്തൊഴില്‍ സംബന്ധിച്ച പുതിയ നടപടിക്രമം ആലോചിച്ചത്.
സെക്‌സ് ടൂറിസവുമായി ബന്ധപ്പെട്ട് ലോകത്തെ ഏറ്റവും വലിയ കേന്ദ്രം എന്ന നിലയില്‍ കുടിയന്മാരുടെ വലിയ ശല്യവും അക്രമവും പുരാതന നഗരത്തെ വീര്‍പ്പുമുട്ടിക്കുന്നു എന്ന കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു സിറ്റി കൗണ്‍സില്‍ പുതിയ തീരുമാനം അവതരിപ്പിക്കാനൊരുങ്ങുന്നത്.
ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ സുരക്ഷ കൂടി മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു തീരുമാനം.
സെക്‌സ് ടൂറിസത്തിന്റെ കാര്യത്തില്‍ ലോകത്ത് ഒന്നാമതുള്ള നഗരങ്ങളില്‍ പെടുന്ന ആംസ്റ്റര്‍ഡാമില്‍ വര്‍ഷം 20 ദശലക്ഷം ടൂറിസ്റ്റുകള്‍ എത്താറുണ്ടെന്നാണ് വെബ്‌സൈറ്റില്‍ പറയുന്നത്.
ഈ നഗരത്തില്‍ ലൈംഗികത്തൊഴിലും മാരിജുവാനയും നിയമാനുസൃതമായതിനാല്‍ ഈ നഗരത്തിലേക്ക് അനേകരാണ് ട്രിപ്പ് ബുക്ക് ചെയ്യാറുള്ളത്.