‘ഇത്തരത്തിലുള്ള വസ്ത്രം ധരിച്ച് യാത്ര ചെയ്യാൻ തുടങ്ങിയിട്ട് മാസങ്ങളായി. ഇപ്പോഴാണ് ഇത് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
ഡൽഹി മെട്രോയിൽ വീഡിയോ എടുക്കാൻ പാടില്ലെന്ന് നിയമമുണ്ട്. അതു പോലും അധികൃതർ മറന്നു പോയിരിക്കുന്നു. അവർക്ക് എൻ്റെ വസ്ത്രത്തെക്കുറിച്ചാണ് ആവലാതി’- റിഥം ചനാന.
ബിക്കിനിക്ക് സമാനമായ വസ്ത്രവും മിനി സ്കർട്ടും ധരിച്ച് ഡൽഹി മെട്രോയിൽ യാത്ര ചെയ്ത റിഥത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
മടിയിൽ ബാഗുമായി ഇരിക്കുന്ന യുവതി അൽപനേരത്തിനു ശേഷം എഴുന്നേറ്റു പോകുന്നതാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്.
ദൃശ്യങ്ങൾ വൈറലായതിനു പിന്നാലെ വിമർശനവുമായി ആളുകൾ രംഗത്തെത്തി. ഇത് അനുവദിക്കാൻ കഴിയില്ലെന്നും എല്ലാവർക്കും അംഗീകരിക്കാൻ കഴിയുന്ന രീതിയിൽ വേണം പൊതുസ്ഥലത്ത് വസ്ത്രം ധരിക്കാനെന്നും വിമർശകർ പറഞ്ഞു.
എന്നാൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും വീഡിയോ പകർത്തിയത് അവരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും മറ്റു ചിലർ പ്രതികരിച്ചു.
വീഡിയോ സംബന്ധിച്ച് വാദപ്രതിവാദങ്ങൾ ശക്തമാകവെ ഡൽഹി മെട്രോ നിലപാട് വ്യക്തമാക്കി.
യാത്രക്കാർ എല്ലാ സാമൂഹിക മര്യാദകളും പാലിക്കണമെന്നും മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിൽ വസ്ത്രം ധരിക്കരുതെന്നും ഡിഎംആർസി പ്രസ്താവനയിറക്കി.
ഇതിനു പിന്നാലെയാണ് തന്റെ ഭാഗം വിശദീകരിച്ചുകൊണ്ട് റിഥം ചനാന രംഗത്തെത്തിയിരിക്കുന്നത്.
ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാനുള്ള അവകാശം തനിക്കുണ്ടെന്നും ആളുകളുടെ ശ്രദ്ധ ലഭിക്കാനോ പ്രശസ്തി ലഭിക്കാനോ അല്ല അങ്ങനെ ചെയ്തതെന്നും 19 കാരിയായ റിഥം പറയുന്നു.
കുടുംബാംഗങ്ങളോ അയൽക്കാരോ തന്റെ വസ്ത്രധാരണ രീതിയെ പിന്തുണയ്ക്കുന്നില്ല. എല്ലാവരും എല്ലായ്പ്പോഴും പരിഹസിക്കുകയാണ്. എന്നാൽ ഇതൊന്നും കാര്യമാക്കുന്നില്ലെന്ന് റിഥം പറയുന്നു.
പഞ്ചാബിലെ ഫത്തേഗഡ് സാഹിബ് നഗരത്തിലെ താമസക്കാരിയാണ് റിഥം ചനാന. താൻ ഒരു പരമ്പരാഗത കുടുംബത്തിൽ നിന്നാണ് വരുന്നതെന്നും അതിനാൽ കുടുംബവുമായി സ്വരച്ചേർച്ചയിൽ അല്ലെന്നും റിഥം പറയുന്നു.
ഡൽഹി മെട്രോയിൽ മാത്രമല്ല, എല്ലായ്പ്പോഴും ഇത്തരത്തിലുള്ള വസ്ത്രം ധരിക്കാൻ ഇഷ്ടപ്പെടുന്ന ആളാണ് റിഥം എന്ന് വ്യക്തമാക്കുന്നതാണ് അവളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട്.
ബിക്കിനിക്ക് സമാനമായ വസ്ത്രങ്ങളും മിനി സ്കർട്ടും ധരിച്ച ചിത്രങ്ങളാണ് റിഥം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
നടിയും മോഡലുമായ ഉർഫി ജാവേദ് തന്റെ ജീവിതത്തെ സ്വാധീനിച്ചിട്ടില്ലെന്ന് റിഥം പറയുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് ഇത്തരം വസ്ത്രങ്ങൾ ധരിക്കുന്നത്.
തുടക്കത്തിൽ പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ച റിഥത്തെയാണ് ഇൻസ്റ്റഗ്രാമിൽ കാണുന്നത്. എന്നാൽ 2022 ഡിസംബറോടെയാണ് റിഥം ഇത്തരത്തിൽ വസ്ത്രം ധരിക്കാൻ തുടങ്ങിയത് എന്നു കാണാം.
ആക്ടിങ് സ്കൂളിലെ വിദ്യാർത്ഥികൂടിയാണ് റിഥം ചനാന. മോഡലാകണമെന്നാണ് റിഥത്തിന്റെ ആഗ്രഹം. ഒരിക്കൽ തന്റെ ആഗ്രഹം പൂർത്തീകരിക്കാൻ കഴിയുമെന്നാണ് റിഥത്തിന്റെ പ്രതീക്ഷ.
ഡൽഹി മെട്രോയിൽ ഒഴികെ തന്റെ വ്സ്ത്രം മൂലം മറ്റെവിടെയും പ്രശ്നം ഉണ്ടായിട്ടില്ലെന്ന് യുവതി പറയുന്നു.