കൊടുങ്ങൂര്‍: ഉത്സവ കേരളത്തില്‍ ചരിത്രം കുറിച്ച് കൊടുങ്ങൂര്‍ ദേവീ ക്ഷേത്രത്തില്‍ പിടിയാന ഗജമേള നടത്തി.ആട ആഭരണങ്ങള്‍ ഒന്നുമില്ലാതെ കേരളത്തിലെ അഴകും നിലവുമുള്ള ഒന്‍പതു പിടിയാനകളാണ് ഗജമേളയില്‍ അണിനിരന്നത്.
എട്ട് ദേശങ്ങളിനിന്നെത്തിയ കാവടിക്ക് ശേഷം ക്ഷേത്രം ഗോപുരവാതില്‍ കടന്ന് തോട്ടയ്ക്കാട് പഞ്ചാലി, തോട്ടയ്ക്കാട് കുഞ്ഞുലക്ഷ്മി, പ്ലാത്തോട്ടം ബീന, പ്ലാത്തോട്ടം മീര, ഉള്ളൂര്‍ വേപ്പിന്മൂട് ഇന്ദിര, ഗുരുവായൂര്‍ ദേവി, കുമാരനലൂര്‍ പുഷ്പ, വേണാട്ട് മറ്റം കല്യാണി, കിഴക്കേടത്തുമന ദേവി ശ്രീ പാര്‍വതി എന്നീ ഗജ റാണിമാര്‍ പുരുഷാരത്തിനു നടുവിലേക്ക് എത്തി.
കൊമ്പന് ആനകള്‍ക്ക് മാത്രമല്ല പിടിയനാകള്ക്കും കേരളത്തില്‍ ശക്തമായ ആരാധകര്‍ ഉണ്ടെന്ന് തെളിയിക്കുന്നതായിരുന്നു കൊടുങ്ങൂര്‍ ഗജമേള.
തോട്ടയ്ക്കാട് കുഞ്ഞുലക്ഷ്മിക്ക് പ്രഥമ തൃക്കൊടുങ്ങൂര്‍ മഹേശ്വരിപ്രിയ ഇഭകുലസുന്ദരി പട്ടം നല്കി. ആറാട്ടിനുള്ള തിടമ്പ് തൊട്ടയ്ക്കാട് പഞ്ചാലിക്കാണ്. പ്ലാത്തോട്ടം ബീന വിധി കര്‍ത്താക്കളുടെ പ്രത്യേക പരാമര്‍ശം നടത്തി.
ക്ഷേത്രം നടപന്തലില്‍ തന്ത്രി പെരിഞ്ഞേരിമന നന്ദനന്‍ നമ്പൂതിരി പട്ട സമര്‍പ്പണം നടത്തി. ശ്രീകുമാര്‍ അരൂകുറ്റി, ശൈലേഷ് വൈക്കം, രാജേഷ് പല്ലട്ട് അടങ്ങുന്ന വിദഗ്ധ സംഘമാണ് വിജയികളെ തെരഞ്ഞെടുത്തത്.
രാവിലെ നടന്ന എട്ടു ദേശങ്ങളില്‍നിന്നെത്തിയ കാവടിയ്യാട്ടം കാണാന്‍ ആയിരങ്ങള്‍ ആയിരുന്നു ക്ഷേത്രം സന്നിധിയില്‍ എത്തിയത്.
ഗജമേളയ്ക്ക് ശേഷം ആനയൂട്ടും നടന്നു. ഒന്‍പതു ആനകള്‍ അണിനിരന്ന ആറാട്ട് എഴുന്നെള്ളിപ്പ് വര്‍ണാഭമായി.