എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ മഹാരാഷ്ട്രയില്‍ പിടിയിലായ ഷാരൂഖ് സെയ്ഫിയ്ക്ക് നേരത്തെ പുറത്തുവിട്ട രേഖാചിത്രവുമായി യാതൊരു സാമ്യമില്ലെന്ന പരിഹാസങ്ങള്‍ക്ക് മറുപടിയുമായി കേരള പോലീസ് രംഗത്ത്.
പ്രതിയെ നേരിട്ട് കണ്ട് വരക്കുന്നതല്ല രേഖാചിത്രം. പ്രതിയെ കണ്ടവര്‍ ഓര്‍മ്മയില്‍ നിന്ന് പറഞ്ഞുകൊടുക്കുന്ന ലക്ഷണങ്ങള്‍ വച്ചിട്ടാണ് രേഖാചിത്രം തയ്യാറാക്കുന്നതെന്നും പറഞ്ഞുകിട്ടുന്ന വിവരങ്ങള്‍ എപ്പോഴും ശരിയാവണം എന്നില്ലെന്നും കേരള പോലീസ് വിശദീകരിച്ചു.
ഫേസ്ബുക്ക് കമന്റിലൂടെയാണ് പോലീസിന്റെ വിശദീകരണം. അതേസമയം രേഖാചിത്രം ശരിയായിട്ടുള്ള നിരവധി കേസുകളുണ്ടെന്നും കുറ്റകൃത്യം നടന്ന സമയത്ത് ഉണ്ടാകുന്ന പരിഭ്രാന്തിയില്‍, ദൃക്സാക്ഷികള്‍ കുറ്റവാളികളെ കൃത്യമായി ഓര്‍ത്തെടുക്കാന്‍ തക്ക മാനസികാവസ്ഥയില്‍ ആകണമെന്നില്ലെന്നും പോലീസ് പറഞ്ഞു.
ബുധനാഴ്ച രാവിലെ മഹാരാഷ്ട്രയില്‍ പിടിയിലായ പ്രതിയുടെ ചിത്രം പുറത്തുവന്നതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ രേഖാചിത്രത്തിനെതിരേ വലിയ തോതിലുള്ള പരിഹാസം ഉയര്‍ന്നിരുന്നു.
പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഉള്‍പ്പെടെ നിരവധി പേര് രേഖാചിത്രത്തെ പരിഹസിച്ച് അഭിപ്രായം രേഖപ്പെടുത്തി.
ഇതിനുപിന്നാലെയാണ് കേരള പോലീസിന്റെ മറുപടി. അക്രമം നടക്കുമ്പോള്‍ ട്രെയിനില്‍ ഉണ്ടായിരുന്ന ദൃക്സാക്ഷിയുടെ സഹായത്തോടെയായിരുന്നു പോലീസ് നേരത്തെ രേഖാചിത്രം തയ്യാറാക്കിയത്.
ഈ ചിത്രത്തിലുള്ള ആളെ തിരിച്ചറിയാന്‍ കഴിയുന്നവര്‍ പോലീസിനെ വിവരം അറിയിക്കണമെന്നും അറിയിപ്പുണ്ടായിരുന്നു.