നിറയെ ആരാധകരുള്ള തെന്നിന്ത്യൻ താര സുന്ദരിയാണ് സാമന്ത. വർഷങ്ങൾ നീണ്ട അഭിനയ ജീവിതത്തിൽ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ സിനിമാസ്വാദകർക്ക് താരം നൽകി കഴിഞ്ഞു. ഇപ്പോഴിതാ മലയാള സിനിമയിലെ അഭിനേതാക്കളെക്കുറിച്ച് സാമന്ത പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
മലയാള സിനിമ അഭിനേതാക്കൾ തനിക്ക് പ്രചോദനമാണ്. മലയാളത്തില്‍നിന്നു വരുന്ന അഭിനേതാക്കള്‍ക്ക് ജന്മനാ അഭിനയം അറിയാവുന്ന പോലെ തോന്നാറുണ്ട്.
എന്റെ അഭിനയം ആവര്‍ത്തന വിരസമാകുമ്പോള്‍ മലയാള സിനിമകള്‍ കാണും. മലയാള സിനിമകളിൽനിന്നു നിറയെ പഠിക്കാനുണ്ട്.
സബ്ടൈറ്റില്‍ വച്ചാണ് കാണാറുള്ളതെങ്കിലും, മലയാളത്തിലെ മിക്ക സിനിമകളും ഞാൻ കണ്ടിട്ടുണ്ടെന്നും സാമന്ത പറയുന്നു.
മലയാളത്തിലെ ഓരോ അഭിനേതാക്കളും അതിഗംഭീരമാണ്. ത്യാഗരാജന് കുമാരരാജ സംവിധാനം ചെയ്ത സൂപ്പര്‍ ഡീലക്സില്‍ സഹതാരമായിരുന്ന ഫഹദ് ഫാസിലിന്റെ പ്രകടനം എന്നെ അദ്ഭുതപ്പെടുത്തി.
അദ്ദേഹത്തിന്റെ അഭിനയത്തിന് എപ്പോഴും പുതുമയുണ്ടാകും, ഇനി അവസരം ലഭിക്കുമെങ്കില്‍ ഫഹദിനൊപ്പം അഭിനയിക്കാൻ ആഗ്രഹമുണ്ട്.
അമ്മ ആലപ്പുഴക്കാരിയാണ്. എന്തുകൊണ്ട് എന്നെ മലയാളം പഠിപ്പിച്ചില്ലെന്ന് അമ്മയോട് സ്ഥിരം ചോദിക്കാറുണ്ട്. മലയാളത്തിൽ അവസരം ലഭിക്കുകയാണെങ്കിൽ മലയാളം പഠിച്ച്, സ്വയം ഡബ്ബ് ചെയ്യും- ശാകുന്തളം സിനിമയുടെ പ്രമോഷനിടെ സാമന്ത പറഞ്ഞു
കാളിദാസന്റെ അഭിജഞാന ശാകുന്തളം ആസ്പദമാക്കിയുള്ള സിനിമയാണ് ശാകുന്തളം. ഗുണശേഖര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രില്‍ 14നാണ് തിയറ്ററുകളിലെത്തുന്നത്. സാമന്ത ശകുന്തളയാകുമ്പോള്‍ ദുഷ്യന്തനായി മലയാളത്തിന്റെ യുവ താരം ദേവ് മോഹനാണ് എത്തുന്നത്.