സിജോ പൈനാടത്ത്
കൊച്ചി: സംസ്ഥാനത്തെ ജയിലുകളില്‍ തടവുപുള്ളികള്‍ക്കായി വിശുദ്ധകുർബാനയര്‍പ്പണം ഉള്‍പ്പെടെയുള്ള ആത്മീയ ആവശ്യങ്ങൾ വിലക്കി സര്‍ക്കാര്‍. ഇതുസംബന്ധിച്ച് ജയില്‍ ഡിജിപിയുടെ സര്‍ക്കുലര്‍ ജയില്‍ സൂപ്രണ്ടുമാര്‍ക്ക് ലഭിച്ചു.
ജയിലുകളില്‍ വിശ്വാസപരമായ ആവശ്യങ്ങള്‍ക്കു പുറമേ, ധാര്‍മികബോധനം, കൗണ്‍സലിംഗ്, പ്രചോദനാത്മകമായ ക്ലാസുകള്‍ എന്നിവയ്ക്കുള്ള അനുമതിയും റദ്ദാക്കിയിട്ടുണ്ട്.
പുറത്തുനിന്നുള്ള എല്ലാ എന്‍ജിഒകളുടെയും പ്രവേശനവും തടവുപുള്ളികള്‍ക്കായുള്ള പരിപാടികളും വിലക്കിക്കൊണ്ടാണു ഡിജിപിയുടെ നിര്‍ദേശം.
വര്‍ഷങ്ങളായി ജയിലുകളില്‍ ഇത്തരം സേവനങ്ങള്‍ നല്‍കിവരുന്ന ജീസസ് ഫ്രട്ടേണിറ്റിയുടെ സന്നദ്ധപ്രവര്‍ത്തകര്‍ക്കും ജയിലുകളില്‍ പ്രവേശനം നിഷേധിച്ചു.
2024 ജൂലൈ നാലുവരെ ജയില്‍ മിനിസ്ട്രിയുടെ ഭാഗമായുള്ള ശുശ്രൂഷകള്‍ക്ക് ജീസസ് ഫ്രട്ടേണിറ്റിക്കു സര്‍ക്കാര്‍ അനുവാദം ഉണ്ടെന്നിരിക്കെയാണു മാര്‍ച്ച് 31ന് ഡിജിപിയുടെ ഉത്തരവിലൂടെ അതിനു വിലക്കു വന്നത്.
ജയിലുകളിലെ ശുശ്രൂഷകള്‍ക്കുള്ള അനുമതി ഓരോ വര്‍ഷവും പുതുക്കി നല്കുകയാണു പതിവ്.
വിശുദ്ധവാരത്തില്‍ സംസ്ഥാനത്തെ ജയിലുകളില്‍ പതിവുപോലെ ദിവ്യബലിയും പെസഹാ ആചരണവും നടത്താനുള്ള ഒരുക്കങ്ങളിലായിരുന്നു ജീസസ് ഫ്രട്ടേണിറ്റി പ്രവര്‍ത്തകര്‍. വിശുദ്ധ വാരത്തിനു തൊട്ടുമുമ്പാണ് ഡിജിപിയുടെ ഉത്തരവ് വന്നതെന്നതും ശ്രദ്ധേയമാണ്.
ഓശാന ഞായറില്‍ കുർബാന അര്‍പ്പിക്കാനായില്ല!
വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ ആറു ജയിലുകളില്‍ എല്ലാ വര്‍ഷവും വിശുദ്ധവാര ശുശ്രൂഷകള്‍ നടത്താറുണ്ടെന്ന് കെസിബിസിയുടെ കീഴിലുള്ള ജീസസ് ഫ്രട്ടേണിറ്റിയുടെ ഡയറക്ടര്‍ ഫാ. മാര്ട്ടിന് തട്ടില്‍ പറഞ്ഞു.
കണ്ണൂര്‍, കാക്കനാട്, എറണാകുളം, ആലുവ, കൊല്ലം ജയിലുകളിലും തടവുപുള്ളികളുടെ ആത്മീയ ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ സൗകര്യമൊരുക്കാറുണ്ട്.
ഡിജിപിയുടെ അപ്രതീക്ഷിത ഉത്തരവുമൂലം ഇക്കുറി ഓശാന ഞായറാഴ്ച എവിടെയും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാനായില്ല.
ജയില്‍ മിനിസ്ട്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വിലക്കു നീക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ജയില്‍ ഡിജിപിക്കും നിവേദനം നല്‍കിയതായും ഫാ. മാർട്ടിൻ പറഞ്ഞു.
സംസ്ഥാനത്തെ 55 ജയിലുകളോടു ബന്ധപ്പെടുത്തി ജയില്‍ മിനിസ്ട്രി യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
പ്രതിവാര- പ്രതിമാസങ്ങളിലും വര്‍ഷത്തിലെ നിശ്ചിത ദിവസങ്ങളിലും ശുശ്രൂഷകള്‍ നടത്തുന്ന ജയിലുകളുണ്ട്.
32 രൂപതാസമിതികളുടെയും എട്ടു മേഖലകളുടെയും ഡയറക്ടര്‍മാരാണു ജയില്‍ മിനിസ്ട്രിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.