മുണ്ടക്കയം: മകനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. മ്ലാപ്പാറ കോരുത്തോട് മൂഴിക്കൽ ഭാഗത്ത് കുന്നേൽ വീട്ടിൽ രാമയ്യ എന്ന് വിളിക്കുന്ന ഗോപാലൻ (55) എന്നയാളെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്.
മ്ലാപ്പാറ കോരുത്തോട് ഇരുമ്പുകയം ഭാഗത്ത് ഇയാൾ മകനുമായി വാക്കുതർക്കം ഉണ്ടാകുകയും തുടർന്ന് കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് മകനെ കുത്തുകയുമായിരുന്നു.
ഫെബ്രുവരി മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. സംഭവത്തിനുശേഷം ഇയാൾ ഒളിവില്‍ പോയി. മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും ചെയ്തു.
ഇയാളെ അഴുതയാറിന്റെ പരിസരത്തുള്ള വനത്തിൽനിന്നു പിടികൂടുകയായിരുന്നു.മുണ്ടക്കയം സ്റ്റേഷൻ എസ്എച്ച്ഒ എ.എ. ഷൈൻ കുമാർ, എസ്ഐ കെ.ജി. മനോജ്, സിപിഒമാരായ ജോഷി എം. തോമസ്, റഫീഖ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.