കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ കത്തിക്കല്‍ കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ മഹാരാഷ്ട്രയില്‍നിന്ന് കോഴിക്കോട്ട് എത്തിച്ചതില്‍ ഗുരുതര സുരക്ഷാവീഴ്ച. പ്രതിയുമായി വന്ന കാർ ഇന്നു പുലർച്ചെ കണ്ണൂര്‍ കാടാച്ചിറയിൽ കേടായതിനെത്തുടർന്ന് ഒരു മണിക്കൂര്‍ നേരം സുരക്ഷയില്ലാതെ റോഡില്‍ കുടുങ്ങി.
പിന്നീട് കണ്ണൂര്‍ തീവ്രവാദവിരുദ്ധസ്ക്വാഡിന്റെ ബൊലോറ ജീപ്പിൽ പ്രതിയെ കയറ്റിയെങ്കിലും ഇതിന്റെ എഞ്ചിന് തകരാറായി. തുടർന്ന് സ്വകാര്യ വാഗണർ കാറിലാണ് പ്രതിയുമായി പോലീസ് സഞ്ചരിച്ചത്.
ഗൂഗിൾ മാപ്പ് നോക്കി പ്രതിയുമായി സഞ്ചരിച്ച വാഹനം കണ്ണൂരിനും തലശേരിക്കും ഇടയിൽ ഒരുതവണ വഴി തെറ്റുകയുംചെയ്തു.
കാറില്‍ കേരള തീവ്രവാദവിരുദ്ധ സ്ക്വാഡിലെ ഡിവൈഎസ്പി അടക്കം മൂന്ന് ഉദ്യോഗസ്ഥര്‍ മാത്രമാണുണ്ടായിരുന്നത്. അകമ്പടിവാഹനങ്ങളോ സുരക്ഷ ഉറപ്പാക്കാനുള്ള മറ്റ് സംവിധാനങ്ങളോ ഉണ്ടായിരുന്നില്ല.
ഭീകരപ്രവര്‍ത്തനത്തിനു സമാനമായ ക്രൂരകൃത്യംചെയ്ത പ്രതിക്ക് സുരക്ഷയൊരുക്കുന്നതില്‍ കേരള പോലീസിന്റെ ഭാഗത്ത് പോരായ്മയുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സംസ്ഥാന ഇന്റലിജന്‍സ് ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
ഷഹറൂഖ് സെയ്ഫിയുമായി വരികയായിരുന്ന ഫോര്‍ച്യൂണര്‍ കാറിന്റെ പിന്‍ഭാഗത്തെ ടയര്‍ പുലര്‍ച്ചെ 3.35നാണ് കാടാച്ചിറയിൽവച്ച് പഞ്ചറായത്. കാലപ്പഴക്കമുള്ള ടയര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
പിന്നീട് കൊണ്ടുവന്ന കണ്ണൂര്‍ എടിഎസിന്റെ വാഹനം എഞ്ചിന് തകരാറായി വഴിയിൽ കിടന്നു. 4.35ന് സ്വകാര്യ വാഗണർ കാര്‍ എത്തിക്കുകയും ഷഹറൂഖിനെ കോഴിക്കോട്ടേക്ക് കൊണ്ടുവരികയുമായിരുന്നു.
പ്രതിയും പോലീസും പെരുവഴിയില്‍ കുടുങ്ങിക്കിടക്കുന്ന കാര്യം അറിയിച്ചിട്ടും 45 മിനിറ്റ് കഴിഞ്ഞാണ് തൊട്ടടുത്ത എടക്കാട് പോലീസ് സ്റ്റേഷനില്‍നിന്ന് പോലീസുകാര്‍ എത്തിയത്.
മഹാരാഷ്ട്രയിലെ രത്നഗിരിയില്‍നിന്ന് കേരള-കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ എത്തിയപ്പോള്‍ ഇന്നോവ കാറില്‍നിന്ന് ഷാറൂഖിനെ ഫോര്‍ച്യൂണര്‍ കാറിലേക്ക് മാറ്റുകയായിരുന്നു. ഈ കാറാണ് ടയര്‍പൊട്ടി കേടായത്.
പ്രതിയെ കൊണ്ടുവന്ന വാഹനം റോഡില്‍ കുടുങ്ങിയതറിഞ്ഞ് നാട്ടുകാര്‍ കാറിനു ചുറ്റും തടിച്ചുകൂടി. ഈസമയം പ്രതി പിന്‍ഭാഗത്തെ സീറ്റില്‍ വെള്ള തോര്‍ത്തുമുണ്ടു കൊണ്ട് മുഖം മറച്ച് കിടക്കുകയായിരുന്നു.
ആളുകള്‍ ഇയാള്‍ക്കുനേരേ ബഹളം വച്ചു. രാവിലെ 6.10നാണ് പ്രതിയെ കോഴിക്കോട്ട് എത്തിച്ചത്.തീവ്ര സ്വഭാവമുള്ള കേസുകളിലെ പ്രതികളെ കൊണ്ടുവരുന്പോൾ വൻസുരക്ഷയാണ് ഒരുക്കേണ്ടത്.
എന്നാൽ, റെയിൽവേ ഇന്റലിജൻസിനെയോ ഇന്റലിജൻസ് ബ്യൂറോയെയോ പ്രതിയുമായി കടന്നുപോകുന്ന ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥരെയോ അറിയിച്ചില്ല.
രാജ്യം മുഴുവന്‍ ശ്രദ്ധക്കപ്പെട്ട കേസിലെ പ്രതിയാണ് ഷഹറൂഖ് സെയ്ഫി. ഇയാള്‍ക്ക് വഴിയില്‍വച്ച് എന്തെങ്കിലും സംഭവിച്ചിരുന്നുവെങ്കില്‍ തീവയ്പ് കേസിന്റെ പിന്നാമ്പുറ കഥകള്‍ അറിയാനുള്ള വഴികൾ അടയുമായിരുന്നു.