കോഴിക്കോട്: എലത്തൂരിൽവച്ച് ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ യാത്രക്കാരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീവച്ച കേസില്‍ പിടിയിലായ പ്രതി ഡല്‍ഹി സ്വദേശി ഷാറൂഖ് സെയ്ഫിയെ (25) കോഴിക്കോട്ടെത്തിച്ചു.
മഹാരാഷ്ട്രയിലെ രത്നഗിരിയിൽ ഇന്നലെ പിടിയിലായ പ്രതിയുമായി ഇന്നു രാവിലെ ആറോടെയാണ് പോലീസ് സംഘം എത്തിയത്. കോഴിക്കോട് മെഡിക്കൽ കോളജിൽ വിശദമായ വൈദ്യപരിശോധനയ്ക്കു പ്രതിയെ വിധേയനാക്കി.
അന്വേഷണച്ചുമതലയുള്ള എഡിജിപി എം.ആര്. അജിത്ത്കുമാറിന്റെ നേതൃത്വത്തില്‍ പ്രതിയെ മാലൂര്‍കുന്ന് എആര്‍ ക്യാമ്പിൽ ചോദ്യം ചെയ്തുവരികയാണ്.
ഉത്തരമേഖലാ ഐജി നീരജ്കുമാര്‍ ഗുപ്ത, സിറ്റി പോലീസ് കമ്മീഷണര്‍ രാജ്പാല് മീണ, അന്വേഷണ സംഘത്തിലെ ഡിവൈഎസ്പിമാർ, ഇന്‍സ്പെക്ടര്‍മാർ എന്നിവർ ക്യാമ്പില്‍ ഉണ്ട്.
മഹാരാഷ്ട്രയില്‍നിന്ന് ട്രാന്‍സിറ്റ് വാറണ്ടുമായി കൊണ്ടുവന്ന പ്രതിയായതിനാല്‍ ഉച്ചയോടെ ജഡ്ജിയുടെ വീട്ടില്‍ ഹാജരാക്കും.
തീയിട്ടതിനു പിന്നിലുള്ള ലക്ഷ്യം, കൂട്ടാളികള്‍ എന്നിവ സംബന്ധിച്ചാണ് പ്രധാനമായും ചോദ്യങ്ങള്‍. എന്നാല്‍ പരസ്പരവിരു ദ്ധമായ മറുപടിയാണ് ഇയാള്‍ നല്‍കുന്നത്. ഒന്നില്‍ കുടുതല്‍ ആളുകള്‍ ഇയാൾക്കു പിന്നിലുണ്ടെന്നാണ് പോലീസ് വിശ്വസിക്കുന്നത്.
യാത്രക്കാരെ കൊല്ലാനുള്ള ശ്രമം, ട്രെയിനില്‍ തീയിടല്‍ എന്നിവയ്ക്കുള്ള കുറ്റങ്ങളാണ് നിലവില്‍ ഇയാള്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്.
ട്രെയിനില്‍ തീയിട്ട സംഭവം യുഎപിഎ നിയമത്തിലെ 15, 16 വകുപ്പുകള്‍ ചുമത്താവുന്ന കുറ്റമാണ്. ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഉന്നത തലത്തില്‍ ചര്‍ച്ച നടക്കുകയാണ്.
ഇന്ന് കോടതി അവധിയാണ്. യുഎപിഎ ചുമത്തിയാല്‍ പ്രതിയെ ജില്ലാ ജഡ്ജിയുടെ വസതിയിലായിരിക്കും ഹാജരാക്കുക. ഇല്ലെങ്കില്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന് )യിലായിരിക്കും ഹാജരാക്കുക.
കൂടുതല്‍ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും.ബുധനാഴ്ച രാവിലെയാണ് ഷാറൂഖ് സെയ്ഫി മഹാരാഷ്ട്ര എടിഎസിന്റെ പിടിയിലാകുന്നത്.
തുടര്‍ന്ന് കേരളപോലീസും മഹാരാഷ്ട്ര എടിഎസും ചോദ്യം ചെയ്ത ശേഷം കേരള പോലീസിന് പ്രതിയെ കൈമാറി. ട്രെയിനില്‍ അക്രമം നടത്തിയത് താനാണെന്ന് പ്രതി സമ്മതിച്ചതായി മഹാരാഷ്ട്ര എടിഎസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ എന്തിനാണ് ഇതു ചെയ്തതെന്നത് അടക്കമുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
കസ്റ്റഡിയില്‍ ലഭിച്ചുകഴിഞ്ഞാല്‍ പ്രതിയെ എലത്തൂരിലെ സംഭവസ്ഥലത്തുള്‍പ്പെടെ എത്തിച്ച് തെളിവെടുക്കേണ്ടതുണ്ട്. ആക്രമണത്തിനുശേഷം ഇയാള്‍ ഇവിടെനിന്ന് രക്ഷപ്പെട്ടതെങ്ങനെ എന്നതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്തേണ്ടതുണ്ട്.
തീയിടാന്‍ ഉപയോഗിച്ച പെട്രോള്‍ എവിടെനിന്ന് സംഘടിപ്പിച്ചു, മറ്റാരുടെയെങ്കിലും സഹായം പ്രതിക്കു ലഭിച്ചോ തുടങ്ങിയ കാര്യങ്ങളും അറിയേണ്ടതുണ്ട്.
സെയ്ഫിയെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ തീവ്രവാദബന്ധമുണ്ടോയെന്ന് സ്ഥിരീകരിക്കാന്‍ സാധിക്കുവെന്നാണ് സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് അറിയിച്ചത്.
കേരളത്തില്‍ മുന്‍പരിചയമില്ലാത്ത സെയ്ഫി ഒറ്റക്കായിരിക്കില്ല ആക്രമണം ആസൂത്രണം ചെയ്തതെന്ന നിഗമനത്തിലാണ് അന്വേഷണസംഘം.