കാക്കനാട്: പതിനഞ്ചുകാരിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒഡീഷ സ്വദേശിക്കെതിരേ കേസെടുക്കാൻ പോലീസ്. ഒഡീഷ സ്വദേശി ചക്രധാർ മാലിക്കിനെ (40) നെതിരെയാണ് പോക്സോ നിയമപ്രകാരം കേസ് എടുക്കാനൊരുങ്ങുന്നത്.
ബുധനാഴ്ച വൈകീട്ട് ആറോടെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ ചക്രധാർ മാലിക്ക് ജോലികഴിഞ്ഞ് കാക്കനാട് മസ്ജിദ് റോഡിലെ വീട്ടിലെത്തിയപ്പോൾ ഒഡീഷ സ്വദേശിനി ഡിപ മാലിക്കിനെ (15) വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഉടൻ കെട്ടിട ഉടമയെ വിവരം അറിയിച്ചു. തൃക്കാക്കര സിഐ അനീഷിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് കണ്ടെത്തിയത്.
തുടർന്ന് ഒപ്പം താമസിച്ചിരുന്ന ചക്രധാർ മാലിക്കിനെ പോലീസ് കസ്റ്റഡിയിലെടുത്തു.ഇന്നലെ രാത്രിയോടെ ആർഡിഒയുടെ സാനിധ്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.
ഒൻപതുമാസമായി ഇരുവരും തമ്മിൽ വിവാഹം കഴിഞ്ഞിട്ടെന്നാണ് ചക്രധാർ മാലിക്ക് പോലീസിനോട് പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ മൂന്നുമാസമായി ഇരുവരും കാക്കനാട് ടിവി സെന്ററിന് സമീപം മസ്ജിദ് റോഡിലെ സ്വകാര്യ കെട്ടിടത്തിലെ ഒന്നാംനിലയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു.