തൊടുപുഴ: ക്ഷേത്ര ഉത്സവത്തിനിടെ നൃത്തമാടിയ എസ്ഐയ്ക്ക് സസ്പെന്ഷന്. ശാന്തന്‍പാറ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ കെ.സി.ഷാജിയെയാണ് കൊച്ചി റേഞ്ച് ഡിഐജി എ. ശ്രീനിവാസ് സസ്പെന്‍ഡ് ചെയ്തത്.
സംഭവത്തില്‍ ഇടുക്കി സ്പെഷല്‍ബ്രാഞ്ച് ഡിവൈഎസ്പി പയസ് ജോര്‍ജ് നല്കിയ അന്വേഷണ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നടപടി.
ശാന്തന്‍പാറ പോലീസ് സ്റ്റേഷന് പരിധിയിലെ പൂപ്പാറ മാരിയമ്മന്‍കോവിലില്‍ ക്രമസമാധാന പാലന ഡ്യൂട്ടിക്കായി എത്തിയപ്പോഴാണ് എസ്ഐ തമിഴ് ഭക്തി ഗാനത്തിനൊപ്പം യൂണിഫോമില്‍ നൃത്തം ചെയ്തത്.
രാത്രിയില്‍ മാരിയമ്മ, കാളിയമ്മ എന്ന തമിഴ് ഭക്തി ഗാനം ഉച്ചഭാഷിണിയിലൂടെ മുഴങ്ങിയപ്പോള്‍ എസ്ഐ യൂണിഫോമില്‍ തന്നെ എല്ലാം മറന്നു നൃത്തം ചവിട്ടുകയായിരുന്നു.
കാണികള്‍ എസ്ഐയെ ആദ്യം കൈയടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
താളബോധമില്ലാതെ എസ്ഐയുടെ നൃത്തം മുറുകിയതോടെ നാട്ടുകാര്‍ ഇത് മൊബൈല്‍ഫോണുകളില്‍ പകര്‍ത്തി.
നൃത്തം നീണ്ടുപോയതോടെ നാട്ടുകാര്‍ തന്നെ പിന്നീട് എസ്ഐയെ പിടിച്ചു പുറത്തേയ്ക്കു മാറ്റുകയായിരുന്നു.
ഇതിനിടെ നാട്ടുകാര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ആരോ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചു.
ചുരുങ്ങിയ സമയത്തിനുള്ളില്‍ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. ഇതോടെയാണ് സംഭവത്തില്‍ സ്പെഷല്‍ബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്.
ഔദ്യോഗിക ഡ്യൂട്ടിക്കെത്തിയ എസ്ഐ സേനയ്ക്ക് അപമാനമാകും വിധത്തില്‍ പൊതുജന മധ്യത്തില്‍ നൃത്തം ചെയ്തത് ഗുരുതര വീഴ്ചയാണെന്ന് സ്പെഷല്‍ ബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തി. എസ്ഐ മദ്യലഹരിയിലാണ് നൃത്തം ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തുടര്‍ന്ന് എസ്ഐയുടെ നടപടി പോലീസ് സേനയ്ക്ക് കളങ്കമുണ്ടാക്കിയെന്നും അതീവ ഗൗരവതരമാണെന്നും സസ്പെന്ഷന് ഉള്‍പ്പെടെയുള്ള നടപടി വേണമെന്നും ആവശ്യപ്പെട്ട് കോട്ടയം എസ്പി മുഖേന സ്പെഷല്‍ബ്രാഞ്ച് ഡിവൈഎസ്പി ഡിഐജിയ്ക്ക് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. തുടര്‍ന്നാണ് ബുധനാഴ്ച രാത്രി എസ്ഐയെ സസ്പെന്‍ഡ് ചെയ്തുള്ള ഉത്തരവിറങ്ങിയത്.