ബംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ആരോഗ്യവിവരം അന്വേഷിച്ച് നടൻ മോഹൻലാൽ. വീഡിയോ കോളിലൂടെയാണ് താരം ഉമ്മൻചാണ്ടിയുമായി സംസാരിച്ചത്.
മോഹൻലാലുമായി വീഡിയോകോളിൽ സംസാരിക്കുന്ന ഉമ്മൻചാണ്ടിയുടെ ചിത്രം മകൻ ചാണ്ടി ഉമ്മനാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.
ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് മോഹൻലാലിന്റെ ഫോൺകോൾ എത്തിയത്. പിന്നീട് സംഭാഷണം വിഡിയോ കോളിലേക്ക് മാറി. 10 മിനിറ്റോളം ഇരുവരും സൗഹൃദ സംഭാഷണം നടത്തി.
ആരോഗ്യത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചുമാണ് ഇരുവരും സംസാരിച്ചത്. മോഹൻലാലിന്റെ പുതിയ സിനിമാ വിശേഷങ്ങൾ ഉമ്മൻചാണ്ടിയും അന്വേഷിച്ചു.
ഇടയ്ക്കുണ്ടായ ന്യൂമോണിയ ബാധ ഭേദപ്പെട്ട ശേഷം ഫെബ്രുവരി 12നാണ് ഉമ്മൻചാണ്ടിയെ വിദഗ്ദ ചികിത്സക്കായി ബംഗളുരുവിലേക്ക് കൊണ്ടുപോയത്.