മംഗളൂരു: വീട്ടിൽ ഉണ്ടാക്കിയ ചിക്കൻകറി രുചിച്ചുനോക്കാൻപോലും കിട്ടാഞ്ഞതിന്റെ പേരിൽ വഴക്കുണ്ടായതിനെത്തുടർന്ന് അച്ഛന്റെ അടിയേറ്റു മകൻ മരിച്ചു.
സുള്ള്യയിലെ ഗട്ടിഗാറിലാണ് സംഭവം. 32 വയസുകാരനായ ശിവറാം ആണ് അച്ഛൻ ഷീണയുടെ അടിയേറ്റ് മരിച്ചത്.
വീട്ടിലുണ്ടാക്കിയ ചിക്കൻ കറിയെച്ചൊല്ലിയാണ് വഴക്കുണ്ടായത്. കറി മുഴുവൻ ഷീണ കഴിച്ചതിനെച്ചൊല്ലി ശിവറാം വഴക്കിടുകയായിരുന്നു.
കറിയുണ്ടാക്കുമ്പോൾ ശിവറാം വീട്ടിലുണ്ടായിരുന്നില്ല. തിരികെയെത്തിയപ്പോഴാണ് കറി തീർന്നത് അറിഞ്ഞത്.
തുടർന്ന് അച്ഛനും മകനും തമ്മിൽ ഇതേച്ചൊല്ലി വാക്കേറ്റമായി. പ്രകോപിതനായ ഷീണ ഒരു വലിയ വിറകെടുത്ത് ശിവറാമിനെ തലയ്ക്കടിക്കുകയായിരുന്നു.
ഷീണയെ പോലീസ് അറസ്റ്റ് ചെയ്തു. ശിവറാമിനും ഭാര്യയ്ക്കും അവരുടെ രണ്ട് മക്കൾക്കുമൊപ്പമാണ് അച്ഛൻ ഷീണ കഴിഞ്ഞിരുന്നത്.