സ്വന്തം ലേഖകന്‍
കോഴിക്കോട്: ആലപ്പുഴ- കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ യാത്രക്കാരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീവച്ച കേസില്‍ പിടിയിലായ പ്രതി ഡല്‍ഹി സ്വദേശി ഷാറൂഖ് സെയ്ഫി(24)യെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു.
പ്രതിയുടെ ശരീരത്തിലേറ്റ മുറിവുകളുടെയും പൊള്ളലിന്റെയും പഴക്കവും മറ്റും പരിശോധിച്ച് രേഖപ്പെടുത്താൻ മെഡി.കോളജിലെത്തിച്ച പ്രതിയെ പരിശോധിച്ചതിൽ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതോടെ തുടർ ചിക്ത്സയ്ക്കായി അഡ്മിറ്റാക്കുകയായിരുന്നു.
ഏഴുമണിക്കൂറോളം നീണ്ട പരിശോധനകള്‍ക്കൊടുവിലാണ് മെഡിസിന് വിഭാഗത്തില്‍ അഡ്മിറ്റാക്കാന്‍ തീരുമാനിച്ചത്.
ഇതോടെ പ്രതിയെ നേരിട്ട് കോടതിയില്‍ ഹാജരാക്കാനുള്ള ശ്രമം പോലീസ് ഉപേക്ഷിച്ചു. ആശുപത്രിയില്‍ വച്ച് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ലഭിക്കുന്നതിനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.
മഹാരാഷ്ട്രയില്‍ നിന്ന് ട്രാന്‍സിറ്റ് വാറണ്ടുമായി കൊണ്ടുവന്ന പ്രതിയായതിനാല്‍ ഇന്നലെ ഉച്ചയോടെ കോടതിയില്‍ ഹാജരാക്കാനായിരുന്നു അന്വേഷണസംഘത്തിന്റെ തീരുമാനം.
അന്വേഷണ ചുമതലയുള്ള എഡിജിപി എം.ആര്.അജിത്ത്കുമാര്‍, ഉത്തരമേഖലാ ഐജി നീരജ്കുമാര്‍ ഗുപ്ത, സിറ്റി പോലീസ് കമ്മിഷണര്‍ രാജ്പാല് മീണ എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ രണ്ടരമണിക്കൂറോളം വെള്ളിമാടുകുന്നിലെ എആര്‍ ക്യാമ്പില്‍ വച്ച് പ്രതിയെ ചോദ്യം ചെയ്തിരുന്നു.
മുഖത്ത് പൊള്ളലേറ്റതിനാലും അവശതയുള്ളതിനാലും കാര്യമായ ചോദ്യം ചെയ്യല്‍ നടന്നില്ല. എന്നാല്ചില കാര്യങ്ങളില്‍ മഹാരാഷ്ട്ര എടിഎസിനു നല്കിയമൊഴിക്കു കടക വിരുദ്ധമായ കാര്യങ്ങളാണ് ഇയാള്‍ അന്വേഷണസംഘത്തോട് പറഞ്ഞത്.
തനിക്ക് പ്രേരണയായത് മറ്റൊരാൾ നൽകിയ ഉപദേശമെന്ന് അറസ്റ്റിലായ ഷാരൂഖ് സെയ്ഫി മഹാരാഷ്ട്ര എടിഎസിനോട് പറഞ്ഞിരിന്നുവെങ്കിലും തന്റെ കുബുദ്ധിയാണ് എല്ലാമെന്നാണ് ഇന്നലെ കേരള പോലീസിനോട് വ്യക്തമാക്കിയത്.
യാത്രക്കാരെ കൊല്ലാനുള്ള ശ്രമം, ട്രെയിനില്‍ തീയിടല്‍ എന്നിവയ്ക്കുള്ള കുറ്റങ്ങളാണ് നിലവില്‍ ഇയാള്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്.
ട്രെയിനില്‍ തീയിട്ട സംഭവം യുഎപിഎ നിയമത്തിലെ 15, 16 വകുപ്പുകള്‍ ചുമത്താകുന്ന കുറ്റമാണ്.
കേരളത്തില്‍ മുന്‍പരിചയമില്ലാത്ത സെയ്ഫി ഒറ്റക്കായിരിക്കില്ല ആക്രമണം ആസൂത്രണം ചെയ്തതെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. പ്രതിയെ കസ്റ്റഡിയില്‍ ശാസ്ത്രീയ ചോദ്യം ചെയ്യലിന് വിധേയനാക്കാനാണ് തീരുമാനം.