ന്യൂഡൽഹി: പ്രതിപക്ഷ ഐക്യത്തിൽ വിള്ളൽവീഴ്ത്തി എൻസിപി അധ്യക്ഷൻ ശരദ് പവാർ. അദാനിക്കെതിരായ സംയുക്ത പാർലമെന്ററി സമിതി (ജെപിസി) അന്വേഷണം ആവശ്യമില്ലെന്ന് ശരത് പവാർ അറിയിച്ചു.
ഹിൻഡൻബർഗ് ആരോപണത്തിൽ അദാനിക്കെതിരായ ജെപിസി അന്വേഷണം വേണമെന്ന കോൺഗ്രസ് നിലപാടിനെ പിന്തുണയ്ക്കുന്നില്ല.
രാജ്യത്തെ ഒരു വ്യവസായ ശ്യംഖലയെ ഉന്നമിട്ടുള്ള നീക്കമാണിതെന്ന് അദാനി ഗ്രൂപ്പിനെ പിന്തുണച്ച് പവാർ പറഞ്ഞു. അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗ് റിപ്പോർട്ടിന് അമിതമായ പ്രധാന്യം നൽകുകയാണ്.
ഹിൻഡൻബർഗിന്റെ പശ്ചാത്തലം അറിയില്ല. പാർലമെന്റിൽ ഭരണപക്ഷത്തിന് കൃത്യമായ മേധാവിത്വമുള്ള സാഹചര്യത്തിൽ ജെപിസി അന്വേഷണം ഫലപ്രദമാകില്ലെന്നും പവാർ പറയുന്നു. എന്നാൽ സുപ്രീം കോടതി നിയോഗിച്ച അന്വേഷണ വിദഗ്ധ സമിതിയെ പവാർ പിന്തുണച്ചു.
രാജ്യത്തെ ഒരു വ്യക്തിഗത വ്യാവസായക ഗ്രൂപ്പിനെയാണ് ലക്ഷ്യമിട്ടത്. അവർ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അന്വേഷണം വേണം.
പാർലമെന്റിൽ ജെപിസി അന്വേഷണം വേണമെന്ന ആവശ്യം ഉയർന്നിരുന്നു. ഇക്കാര്യത്തിൽ തനിക്ക് വ്യത്യസ്തമായ നിലപാടാണ് ഉണ്ടായിരുന്നെന്നും പവാർ പറയുന്നു.