ആന്ധ്രാപ്രദേശിലെ ഗോദാവരി നദിയുടെ തീരപ്രദേശങ്ങളിൽ ഒച്ചുകറിക്കു പ്രിയമേറുകയാണ്. ആട്ടിറച്ചിയെക്കാൾ രുചികരവും ധാരാളം ഔഷധഗുണങ്ങൾ ഉള്ളതുമാണ് ഒച്ചുകറിയെന്നാണ് പ്രദേശവാസികളുടെ സാക്ഷ്യം. ഒച്ചുകറിവച്ചു കഴിക്കുന്നതു കൂടാതെ വില്പനയും നടത്തിവരുന്നു.
ഗോദാവരി നദിയുടെ കനാലുകൾ ഒച്ചുകളാൽ സമ്പന്നമാണ്. കനാലുകളുടെ തീരത്തുനിന്നു ശേഖരിക്കുന്ന ഒച്ചിനെ പാചകം ചെയ്തും അല്ലാതെയും പ്രദേശവാസികൾ വിൽപ്പന നടത്തുന്നുണ്ട്.
കട്ടിയുള്ള പുറന്തൊലി നീക്കം ചെയ്തു അവയുടെ മാംസം മാത്രം എടുത്താണ് വിൽപ്പന. മോര്, നിലക്കടല, മസാലക്കൂട്ടുകൾ എന്നിവയൊക്കെ ഉപയോഗിച്ചാണ് ഒച്ചുകറി തയാറാക്കുന്നത്.
കിലോയ്ക്ക് 100 മുതൽ 200 രൂപ വരെയാണ് വില. ഇത് പാചകം ചെയ്തു കഴിക്കുന്നത് വഴി ബ്രോങ്കൈറ്റിസ്, ആസ്ത് മ, ക്ഷീണം തുടങ്ങിയവ സുഖപ്പെടുമെന്നാണു പ്രദേശവാസികൾ പറയുന്നത്.
ഒച്ചുകറിക്ക് പ്രചാരം ലഭിച്ചതോടെ സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നുമായി ധാരാളമാളുകൾ ഇതു കഴിക്കാനായി ഗോദാവരി തീരത്ത് എത്തിക്കൊണ്ടിരിക്കുന്നു.