എന്റെ മകന്‍ അന്ന് പ്രേമിച്ച് വിവാഹം കഴിച്ചിരുന്നെങ്കില്‍..! അമ്പതാം വയസില്‍ രണ്ടാം വിവാഹത്തിന് നടന്‍ പ്രശാന്ത് ? സൂചന നല്‍കി പിതാവ് ത്യാഗരാജന്‍

ചെന്നൈ: ഒരു കാലത്ത് തമിഴിലെ മുന്‍നിര നായകനായിരുന്നു നടന്‍ പ്രശാന്ത്. തെന്നിന്ത്യയില്‍ എങ്ങും സാന്നിധ്യമായിരുന്ന നടനും സംവിധായകനും എല്ലാമായ നടന്‍ ത്യാഗരാജന്‍റെ മകനായ പ്രശാന്ത്.

ആദ്യകാലത്ത് വിലയേറിയ താരം ആയിരുന്നു. ഷങ്കറിന്‍റെ ബ്രഹ്മാണ്ഡ ചിത്രം ജീന്‍സിലെ നായകനെ മലയാളികള്‍ അടക്കം വേഗം മറക്കാന്‍ സാധ്യതയില്ല.

അജിത്തിനും വിജയിക്കും മുന്‍പ് തന്നെ താര പദവി പ്രശാന്തിന് ഉണ്ടായിരുന്നു. ഒരു സെറ്റില്‍ അജിത്തിന് കിട്ടിയതിനെക്കാള്‍ സ്വീകരണം മുന്‍പ് പ്രശാന്തിന് കിട്ടിയത് അന്നത്തെ കോളിവുഡിലെ പ്രധാന വാര്‍ത്തകളില്‍ ഒന്നാണ്.

എന്നാല്‍ അച്ഛന്‍റെ നിഴലില്‍ നിന്ന് ആദ്യം ലഭിച്ച വിജയങ്ങളും അവസരങ്ങളും മുതലാക്കാന്‍ സാധിക്കാതെ പ്രശാന്തിന്‍റെ കരിയര്‍ മെല്ലെ മെല്ലെ ഇല്ലാതാകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. 

ഒപ്പം വിജയ്, അജിത്ത്, സൂര്യ, വിക്രം തുടങ്ങിയവരെല്ലാം തമിഴിലെ വിലയേറിയ താരങ്ങളായി മാറി. ഇപ്പോള്‍ 50 വയസിലേക്ക് എത്തിയിരിക്കുകയാണ് പ്രശാന്ത്.

ഒരു തിരിച്ചുവരവ് ചിത്രത്തിന്‍റെ പണിപ്പുരയിലാണ് താരം. ഹിന്ദി സിനിമ അന്ധാധുനിന്റെ തമിഴ് റീമേക്കാണ് പ്രശാന്തിന്റെ പുതിയ സിനിമ.

നടി സിമ്രാനും സിനിമയിൽ ഒരു പ്രധാന വേഷത്തിലെത്തുന്നു. സിനിമയുടെ തമിഴ് റീമേക്ക് അവകാശം സ്വന്തമാക്കിയത് പ്രശാന്തിന്റെ പിതാവ് ത്യാ​ഗരാജനാണ്. ത്യാഗരാജന്‍ തന്നെയാണ് നിര്‍മ്മാണവും. 

എന്നാല്‍ അടുത്തിടെ സിനി ഉലഗത്തിന് നല്‍കിയ അഭിമുഖത്തില്‍ ത്യാഗരാജന്‍ മകനെക്കുറിച്ച് പറഞ്ഞതാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.

മകന്‍റെ തകര്‍ന്ന ദാമ്പത്യം സംബന്ധിച്ചാണ് ത്യാഗരാജന്‍ പ്രതികരിച്ചത്. 2005ല്‍ പ്രശാന്തിന് വിവാഹം കഴിച്ചിരുന്നു.

വീട്ടുകാര്‍ കണ്ടുപിടിച്ച ​ഗൃഹലക്ഷ്മി എന്ന യുവതിയെയാണ് പ്രശാന്ത് വിവാഹം കഴിച്ചത്. മൂന്ന് വർഷങ്ങൾക്കുള്ളിൽ ഇരുവരും വേർപിരിഞ്ഞു.  

​ഗൃഹലക്ഷ്മി പ്രശാന്തിനെതിരെ സ്ത്രീധന പീഡന കേസും നല്‍കി. അന്നുണ്ടായ വിവാദങ്ങള്‍ ശരിക്കും പ്രശാന്തിനെ
തകര്‍ത്തു. 

തന്‍റെ മകന്‍ അന്ന് പ്രേമിച്ച് വിവാഹം കഴിച്ചിരുന്നെങ്കില്‍ ഇത്രയും പ്രശ്നം ഉണ്ടാകുമായിരുന്നില്ലെന്നാണ് ത്യാഗരാജന്‍ ഇപ്പോള്‍ പറയുന്നത്.

പുതിയ ചിത്രത്തിന്‍റെ റിലീസിന് ശേഷം അവന്‍റെ ജീവിതവുമായി ബന്ധപ്പെട്ട നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുക്കും. മകന്‍റെ ജീവിതത്തില്‍ വീണ്ടും ഒരു വിവാഹത്തെക്കുറിച്ചുള്ള സൂചനകളും ത്യാഗരാജന്‍ നല്‍കി.

Related posts

Leave a Comment