തിരുവനന്തപുരം: താൻ രാഷ്ട്രീയത്തിൽ ചേരുമെന്ന വാർത്ത വ്യാജമാണെന്നു നടൻ ഉണ്ണി മുകുന്ദൻ അറിയിച്ചു. കുറച്ചു ദിവസങ്ങളായി തന്റെ രാഷ്ട്രീയ പ്രവേശനത്തെപ്പറ്റിയുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടെന്നും ഇതു വ്യാജമാണെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെയാണു താരം അറിയിച്ചത്.
തന്നെപ്പറ്റി ലഭിക്കുന്ന വിവരങ്ങൾ എയർ ചെയ്യുന്നതിന് മുമ്പ് അതിലെ വസ്തുത പരിശോധിക്കാൻ ദയവായി തയ്യാറാകണമെന്നും ഇതുപോലെയുള്ള വാർത്തകളിൽ തുടർച്ചയായി വിശദീകരണവുമായി വരേണ്ടി വരുന്നതു നല്ല കാര്യമല്ലെന്നും ഉണ്ണി മുകുന്ദൻ മാധ്യമങ്ങളോട് അഭ്യർത്ഥിച്ചു.
“രാഷ്ട്രീയത്തോടും രാഷ്ട്രീയക്കാരോടും നല്ല മതിപ്പാണുള്ളത്. കാരണം അവർ സമൂഹത്തെ നേരിട്ടു സ്വാധീനിക്കുന്നവരാണ്. രാഷ്ട്രീയത്തെ ഞാൻ നിസാരമായി കാണുന്നില്ല”- ഉണ്ണി മുകുന്ദൻ കുറിച്ചു.
ഉണ്ണി മുകുന്ദൻ ഇപ്പോൾ ഗാന്ധർവ ജൂനിയർ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. അതൊരു നീണ്ട ഷെഡ്യൂളാണെന്നും അതേക്കുറിച്ചുള്ള വിവരങ്ങൾ പിന്നീടു പങ്കുവയ്ക്കാമെന്നും താരം പറഞ്ഞു.
ബിജെപി സ്ഥാനാർഥിയായി ഉണ്ണി മുകുന്ദൻ പാലക്കാട് നിന്നോ തിരുവനന്തപുരത്തുനിന്നോമത്സരിക്കുമെന്ന പ്രചാരണം സോഷ്യൽ മീഡിയയിൽ വ്യാപകമായതോടെയാണ് ഫേസ്ബുക്കിൽ വിശദീകരണവുമായി താരം എത്തിയത്.