കുഞ്ഞുങ്ങളെ ഇഷ്ടമില്ലാത്തവര്‍ ആരാണ്. പ്രത്യേകിച്ച് സ്വന്തം വീട്ടില്‍ ഒരു കുഞ്ഞ് എത്തുമ്പോള്‍ ആരും വല്ലാതെ ആഹ്ലാദിക്കും. അത് ആണ്‍കുഞ്ഞോ പെണ്‍കുഞ്ഞോ എന്നൊന്നും മിക്കവരും നോക്കില്ല.
എന്നാല്‍ കഴിഞ്ഞിടെ അമേരിക്കയില്‍ ഒരു പെണ്‍കുഞ്ഞ് പിറന്നപ്പോള്‍ അത് വലിയ വാര്‍ത്തയായി മാറി. കാരണം മറ്റൊന്നുമല്ല 138 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ കുടുംബത്തില്‍ ഒരു പെണ്‍കുഞ്ഞുണ്ടായത്.
ദമ്പതികളായ ആന്‍ഡ്രൂ ക്ലാര്‍ക്കിനും കരോലിനുമാണ് പെണ്‍കുഞ്ഞ് പിറന്നത്. രണ്ടാഴ്ച മുന്‍പാണ് ഈ കുഞ്ഞ് പിറന്നത്.
ഓഡ്രി എന്നാണ് ഇവര്‍ കുഞ്ഞിന് പേരിട്ടത്. 1885 മുതല്‍ 2023 വരെയുള്ള വര്‍ഷത്തിനിടയില്‍ പിതാവിന്റെ കുടുംബത്തില്‍ ജനിക്കുന്ന ആദ്യത്തെ പെണ്കുഞ്ഞാണിത്.
പങ്കാളിയുടെ കുടുംബത്തില്‍ ഇത്രയും കാലം പെണ്‍കുഞ്ഞ് ജനിച്ചിരുന്നില്ല എന്നത് തന്നെ അദ്ഭുതപ്പെടുത്തിയെന്ന് കുഞ്ഞിന്റെ അമ്മ കരോലിന് പറഞ്ഞു.
സത്യമാണോ എന്ന് അറിയാന്‍ ആന്‍ഡ്രൂ ക്ലാര്‍ക്കിന്റെ മാതാപിതാക്കളോടും ബന്ധുക്കളോടും കരോലിന് ഇക്കാര്യം തിരക്കിയിരുന്നു.
ആന്‍ഡ്രൂ ക്ലാര്‍ക്കിന് അമ്മാവന്മാരും കസിന്സും എല്ലാം ഉണ്ടായിരുന്നെങ്കിലും അവര്‍ക്ക് ആര്‍ക്കും സഹോദരിമാര്‍ ഉണ്ടായിരുന്നില്ല.
ആന്‍ഡ്രൂ ക്ലാര്‍ക്കിനും കരോലിനും നാലുവയസുള്ള ഒരു മകനുമുണ്ട്. നിയമപരമായി 100 വര്‍ഷത്തിലേറെയായി നേരിട്ടുള്ള രക്ത ബന്ധത്തില്‍ ഈ കുടുംബാംഗങ്ങള്‍ക്ക് ഒരു പെണ്‍കുട്ടിയും ജനിച്ചിട്ടില്ല.
ഏതായാലും ഈ പെണ്‍കുഞ്ഞിന്റെ വരവ് വലിയ ആഘോഷമാക്കുകയാണ് കുടുംബാംഗങ്ങളെല്ലാം.
ഏറ്റവും രസകരമായ കാര്യം, ജനിക്കുന്നത് ആണ്‍കുട്ടി ആയിരിക്കുമെന്ന് ഉറപ്പുള്ളതിനാല്‍ ആണ്‍കുട്ടികളുടെ മാത്രം പേരായിരുന്നു ഈ ദമ്പതികള്‍ കണ്ടുവച്ചിരുന്നത്.
ഈ വാര്‍ത്ത സമൂഹ മാധ്യമങ്ങളിലും വൈറലായി. “എന്നാല്‍ കുഞ്ഞിന് സര്‍പ്രൈസ് എന്ന് പേരിടുന്നതായിരുന്നു നല്ലത്’ എന്നാണൊരാൾ കമന്റില്‍ കുറിച്ചത്.