കൊച്ചി: അനധികൃത സ്വത്തുസന്പാദന കേസിൽ മുൻ ആരോഗ്യമന്ത്രിയും കോണ്ഗ്രസ് നേതാവുമായ വി.എസ്. ശിവകുമാറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) 20 ന് ചോദ്യം ചെയ്യും.
കൊച്ചിയിലെ ഇഡി ഓഫീസിൽ ചോദ്യം ചെയ്യലിന് രേഖകളുമായി ഹാജരാകാനായി ഇഡി നോട്ടീസ് അയച്ചു. ഇദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫ് അംഗം എം. രാജേന്ദ്രനും നോട്ടീസ് അയച്ചിട്ടുണ്ട്.
2011 മുതൽ 2016 വരെ ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് നടന്നതായി പറയുന്ന സാന്പത്തിക ഇടപാടുകളും കള്ളപ്പണ ഇടപാടുകളുമാണ് അന്വേഷിക്കുന്നത്.
കള്ളപ്പണ ഇടപാടുകളും അനധികൃത സ്വത്തുസന്പാദനവും നടന്നതായി വിജിലൻസ് കണ്ടെത്തിയിരുന്നു. തുടർന്നാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
ആസ്തികളിലെ വ്യത്യാസം, ബിനാമി ഇടപാടുകൾ, നഗരത്തിലെ സ്വകാര്യ ആശുപത്രിയുടെ ഉടമസ്ഥാവകാശം തുടങ്ങിയ ആരോപണങ്ങളാണ് ശിവകുമാർ നേരിട്ടിരുന്നത്.
സ്വന്തം പേരിലും ബിനാമികളുടെപേരിലും ശിവകുമാർ അനധികൃത സ്വത്തുസന്പാദനം നടത്തിയതായി വിജിലൻസ് കണ്ടെത്തിയിരുന്നു.
വിജിലൻസ് അന്വേഷണത്തിന്റെയും എഫ്ഐആറിന്റെയും അടിസ്ഥാനത്തിലാണ് ഇഡി പ്രാഥമികാന്വേഷണം നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യലിന് ഹാജരാകാൻ നിർദേശിച്ചിട്ടുള്ളത്.