കര്‍ണാടകയിലെ പ്രമുഖ ബിജെപി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ ലക്ഷ്മണ് സാവടി കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന് സൂചന.
നിയമസഭ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് ബിജെപി പ്രാഥമികാംഗത്വത്തില്‍ നിന്ന് സാവടി രാജിവെച്ചു.
ഭാവി കാര്യങ്ങള്‍ തീരുമാനിക്കാനായി സാവടി അനുയായികളുടെ യോഗം വിളിച്ചു. കോണ്‍ഗ്രസില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് ലക്ഷ്മണ് സാവടി കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ട്.
അതേസമയം പാര്‍ട്ടിയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് സാവടിയുമായി കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് സതീഷ് ജാര്‍ക്കിഹോളി പറഞ്ഞു.
തെരഞ്ഞെടുപ്പ് വേളയില്‍ സ്ഥാനാര്‍ത്ഥിമോഹികള്‍ പാര്‍ട്ടിയിലേക്ക് വരുന്നത് സ്വാഭാവികമാണ്. കോണ്‍ഗ്രസിന്റെ മൂന്നാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക നാളെ പുറത്തിറക്കുമെന്നും സതീഷ് ജാര്‍ക്കിഹോളി പറഞ്ഞു.
അതാനിയില്‍ നിന്നും മൂന്നു തവണ എംഎല്‍എയായിരുന്നു മുതിര്‍ന്ന നേതാവായ ലക്ഷ്മണ് സാവടി.
ഇന്നലെ പുറത്തിറക്കിയ സ്ഥാനാര്‍ത്ഥി പട്ടിക പ്രകാരം അതാനിയില്‍ മഹേഷ് കുമത്തല്ലിയാണ് ബിജെപി സ്ഥാനാര്‍ത്ഥി.
ബിജെപി കേന്ദ്ര നേതൃത്വം തീരുമാനം പുനഃപരിശോധിക്കണമെന്നും, തനിക്ക് സീറ്റു തന്നില്ലെങ്കില്‍ മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കുന്നത് പരിഗണിക്കുമെന്നും ലക്ഷ്മണ് സാവടി പ്രതികരിച്ചിരുന്നു.