തലശേരി: എരഞ്ഞോളിപ്പാലത്തിനടുത്ത് ദുരൂഹ സാഹചര്യത്തിലുണ്ടായ ബോംബ് സ്ഫോടനത്തിൽ ആർഎസ്എസ് പ്രവർത്തകനായ യുവാവിന്റെ രണ്ടു കൈപ്പത്തികൾ നഷ്ടപ്പെട്ടു.
ഇന്നു പുലർച്ചെയായിരുന്നു സംഭവം. കച്ചുമ്പ്രത്ത് താഴെ ശ്രുതി നിവാസിൽ വിഷ്ണുവിനാ (20) ണ് പരിക്കേറ്റത്. വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലായിരുന്നു സ്ഫോടനം.
ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ ആദ്യം തലശേരി ഗവ. ആശുപത്രിയിലും പിന്നീട് കണ്ണൂരിലെ ആശുപത്രിയിലും ചികിത്സ നൽകിയ ശേഷം കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി.
തലശേരി പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ പൊട്ടാത്ത ഒരു നാടൻ ബോംബ് കണ്ടെത്തി. പ്രദേശത്ത് പോലീസ് ക്യാന്പ് ചെയ്തു വരികയാണ്.
സംഭവ സമയം യുവാവ് മാത്രമാണ് സ്ഥലത്ത ഉണ്ടായിരുന്നതെന്നാണ് പോലീസിന് ലഭിച്ച വിവരം. കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരികയാണ്.
വിഷ്ണുവിന്റെ മൊഴി പോലീസ് രേഖപ്പെടുത്തു. സംഭവ സ്ഥലത്ത് ബോംബ് സ്ക്വാഡും, ഡോഗ് സ്ക്വാഡും പരിശോധന നടത്തി. ബോംബ് നിർമാണത്തിനിടെയാണ് സ്ഫോടനം നടന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.