കോട്ടയം: തിരുവനന്തപുരത്തുനിന്ന് ന്യൂഡല്‍ഹിക്കു പുറപ്പെട്ട കേരള എക്സ്പ്രസ് ട്രെയനില്‍ പാറ്റശല്യം രൂക്ഷമാണെന്നു യാത്രക്കാരുടെ പരാതി.
ഞായറാഴ്ച എറണാകുളത്തുനിന്നു കയറിയ കേരള എക്സപ്രസിന്റെ എസ്-2 സെക്കന്‍ഡ് ക്ലാസ് സ്ലീപ്പര്‍ കോച്ചിലെ യാത്രക്കാരന് പോള്‍ വെള്ളാങ്കലാണ് തന്റെ അനുഭവം രാഷ് ട്രദീപികയോട് ഫോണില്‍ അറിയിച്ചത്.
ഇതു സംബന്ധിച്ച പരാതി റെയില്‍വെ അധികൃതരെ അറിയിച്ചതായും പോള്‍ പറയുന്നു. ട്രെയിന്‍ പുറപ്പെടും മുന്‍പേ തന്റെ ബാഗിലും സീറ്റിനടിയില്‍ സൂക്ഷിച്ച ലഗേജിലും ഭക്ഷണപ്പൊതിയിലും പാറ്റകള്‍ തയറിപ്പറ്റി.
തന്റെ ക്യാബിനിലെ മറ്റ് യാത്രക്കാരുടെയും അനുഭവവും ഇതുതന്നെയായിരുന്നു. യാത്രക്കാര്‍ ഇടയ്ക്ക് സീറ്റിനടിയിലെ ബാഗില്‍നിന്നു പാറ്റകളെ ഓടിക്കാന്‍ പാടുപെടുന്നത് കാണാമായിരുന്നു എന്ന് പോള്‍ പറയുന്നു.
ഓരോ യാത്രയ്ക്കു ശേഷവും അണുവിമുക്തമാക്കിയെന്നുള്ള അറിയിപ്പ് കോച്ചുകളിൽ പതിക്കാറുണ്ടെങ്കിലും അനുഭവം മറിച്ചാണെന്നും യാത്രക്കാര്‍ പറയുന്നു.
കോച്ചുകൾ കഴുകിവൃത്തിയാക്കാനും അണുവിമുക്തമാക്കാനും സ്വകാര്യ കമ്പനികളെയാണ് റെയില്‍വെ ആശ്രയിക്കുന്നത്. എന്നാല്‍ അവ കാര്യക്ഷമമല്ലെന്നാണു യാത്രക്കാരുടെ അനുഭവം.