തിരുവനന്തപുരം: സംസ്ഥാനത്തെ വൻകിട കെട്ടിട നിര്‍മാതാക്കളെ പ്രതിസന്ധിയിലാക്കി ഫ്ളാറ്റുകളുടെയും വലിയ വാണിജ്യ കെട്ടിടങ്ങളുടെയും പെർമിറ്റ് ഫീസിൽ വൻ വർധന. 10,000 സ്ക്വയര്‍ മീറ്ററിലെ നിര്‍മാണത്തിനുള്ള പെര്‍മിറ്റ് ഫീസ് ഒരു ലക്ഷത്തിൽനിന്ന് 20 ലക്ഷമാക്കി കുത്തനെ ഉയർത്തി.
നിര്‍മാണ പെർമിറ്റിന് അപേക്ഷ സമര്‍പ്പിക്കുന്നത് മുതൽ ചെലവ് കുത്തനെ ഉയർന്നിരിക്കുകയാണ്. കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസില്‍ വരുത്തിയിരിക്കുന്നത് 20 മടങ്ങ് വര്‍ധനയാണ്.
10,000 സ്ക്വയർ മീറ്ററിന് കോര്പറേഷൻ പരിധിയിലെ പെര്‍മിറ്റ് ഫീസ് 1,00,050 രൂപയിൽ നിന്ന് 20,05,000 രൂപയായി. മുൻസിപ്പാലിറ്റിയിൽ 70,030 രൂപ 20,04,000 രൂപയായി. 50,020 രൂപ മാത്രമുണ്ടായിരുന്ന പഞ്ചായത്ത് പരിധിയിൽ 1,50,300 രൂപയായി.
നികുതി വർധിച്ചതോടെ വൻകിട നിർമാതാക്കളും പ്രതിസന്ധിയിലായിരിക്കുകയാണ്. കോര്‍പറേഷനുകളില്‍ നേരത്തെ 300 ചതുരശ്രമീറ്ററിന് മുകളില്‍ ചതുരശ്രമീറ്ററിന് 10 രൂപയായിരുന്നു പെർമിറ്റ് ഫീസ്.
ഇതാണ് 200 രൂപയായി കുത്തനെ കൂട്ടിയിരിക്കുന്നത്. നഗരസഭകളില്‍ 300 ചതുരശ്രമീറ്ററിന് മുകളില്‍ താമസത്തിനുള്ള കെട്ടിടം നിർമിക്കാന്‍ നേരത്തെ ചതുരശ്രമീറ്ററിന് ഏഴു രൂപയായിരുന്നത് ഇപ്പോള്‍ 200 രൂപയാക്കി.
പഞ്ചായത്തുകളില്‍ അഞ്ചു രൂപയായിരുന്നത് 150 രൂപയുമായി.നികുതികൾ പരിഷ്കരിച്ചതോടെ നിര്‍മാണ മേഖലയാകെ അവതാളത്തിലായെന്ന പരാതി ഉയർത്തിയിരിക്കുകയാണ് വൻകിട നിര്‍മാതാക്കൾ.
പുതിയ നികുതി പരിഷ്കാരവും നിര്‍മാണ സാമഗ്രികളുടെ വിലക്കയറ്റവും ജിഎസ്ടിയും എല്ലാം ചേരുമ്പോള്‍ ഒരു കോടി രൂപയ്ക്ക് ഏകദേശം 38 ലക്ഷം രൂപ എന്ന നിരക്കിൽ സര്‍ക്കാര്‍ ഖജനാവിലേക്ക് ലഭിക്കും.