മയക്കുമരുന്ന് വില്‍പ്പന നിയന്ത്രിച്ചിരുന്ന ഗുണ്ടാ ക്വട്ടേഷന്‍ നേതാവും കൂട്ടാളിയും നിറതോക്കുമായി കൊച്ചിയില്‍ എക്സൈസിന്റെ പിടിയിലായി.
ഞാറയ്ക്കല്‍ കൊല്ലവേലിയകത്ത് വീട്ടില്‍ വൈപ്പിന്‍ ലിബിന് (ജീംബ്രൂട്ടന്-27), നായരമ്പലം കൊല്ലവേലിയകത്ത് വീട്ടില്‍ ക്രിസ്റ്റഫര്‍ റൂഫസ് (ഡാര്‍ക്ക് അങ്കിള്‍ -32) എന്നിവരാണ് എറണാകുളം എന്‍ഫോഴ്സ്മെന്റ് അസി. കമ്മിഷണറുടെ സ്പെഷ്യല്‍ ആക്ഷന്‍ ടീമിന്റെയും എറണാകുളം എക്സൈസ് ഇന്റലിജന്‍സിന്റെയും ഞാറയ്ക്കല്‍ പൊലീസിന്റെയും ഞാറയ്ക്കല്‍ എക്സൈസിന്റെയും സംയുക്തനീക്കത്തില്‍ പിടിയിലായത്.
പ്രതികളില്‍നിന്ന് മൂന്നുഗ്രാം എം.ഡി.എം.എ രണ്ടുഗ്രാം ചരസ് എന്നിവ പിടിച്ചെടുത്തു. കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാ സംഘത്തിലെ അംഗമായിരുന്ന ലിബിന് ഇവരില്‍നിന്ന് തെറ്റിപ്പിരിഞ്ഞ് സ്വന്തം ക്വട്ടേഷന്‍ ടീമുണ്ടാക്കി പ്രവര്‍ത്തിക്കുകയായിരുന്നു.
ഇയാളുടെ സംഘത്തിലെ പ്രധാനി ശ്യാമിനെ (ആശാന് സാബു) നേരത്തെ എക്സൈസ് പിടികൂടിയിരുന്നു. ഈ കേസിന്റെ അന്വേഷണമാണ് ജിംബ്രൂട്ടനില് എത്തിനിന്നത്.
കൊച്ചിയിലെ രാസലഹരിവില്പന നിയന്ത്രിക്കുന്നതിലെ പ്രധാനി ലിബിനാണെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ വൈപ്പിന്‍ പെരുമ്പിള്ളിയിലെ വീട്ടില്‍ ഒളിവില്ക്കഴിയുകയാണെന്ന് കണ്ടെത്തി.
മാരകായുധങ്ങള്‍ കൈവശംവച്ചതിന് ഞാറയ്ക്കല്‍ പോലീസും ഇയാളെക്കുറിച്ച് അന്വേഷണത്തിലായിരുന്നു. എക്സൈസ് വിവരം കൈമാറിയതോടെ ഞാറയ്ക്കല്‍ എസ്.എച്ച്.ഒ രാജന് കെ. അരമനയുടെ നേതൃത്വത്തിലുള്ള സംഘവും ഓപ്പറേഷന് തയ്യാറായി.
രാത്രി വീടുവളഞ്ഞ് വാതില്‍ ചവിട്ടിപ്പൊളിച്ച് ലിബിനെ കീഴ്പ്പെടുത്തുകയായിരുന്നു. വധശ്രമക്കേസില്‍ പോലീസ് തെരയുന്ന ഇയാളുടെ ബന്ധു ക്രിസ്റ്റഫര്‍ റൂഫസും വീട്ടിലുണ്ടായിരുന്നു.
കുതറിയോടാന്‍ ശ്രമിച്ചെങ്കിലും ഇയാളെയും വലയിലാക്കി. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ക്വട്ടേഷന്‍ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടാന്‍ സാദ്ധ്യതയുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ഞാറയ്ക്കല്‍ പോലീസ് ലിബിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ മൂര്‍ച്ചയേറിയ രണ്ട് വടിവാളുകള്‍ കണ്ടെടുത്തിരുന്നു.
കേസില്‍ അറസ്റ്റിലായെങ്കിലും ലിബിന് ജാമ്യത്തിലിറങ്ങി. തൊട്ടുപിന്നാലെ എതിര്സംഘവുമായുണ്ടായ ഏറ്റുമുട്ടലില്‍ ലിബിന്റെ കൈപ്പത്തിക്ക് വെട്ടേല്‍ക്കുകയായിരുന്നു. പരിക്കുകളോടെ ഒളിവില്‍ കഴിയുന്നതിനിടെയാണ് എക്സൈസിന്റെ പിടിവീണത്.
ബംഗളൂരുവില്‍നിന്ന് വന്‍തോതില്‍ രാസലഹരിയെത്തിച്ച് വന്‍തുകയ്ക്ക് വില്‍ക്കുന്നതാണ് ലിബിന്റെ രീതി. ശിങ്കിടികളാണ് ലഹരി കടത്തിക്കൊണ്ടുവരുന്നത്.
മരുന്നുകടത്ത് സുഗമമാക്കാന്‍ ശിങ്കിടികള്‍ ബംഗളൂരുവില്‍ മുറിയെടുത്ത് താമസിക്കും.
ലിബിന്റെ ഓര്‍ഡര്‍ ലഭിച്ചാലുടന്‍ മയക്കുമരുന്നുവാങ്ങി സ്റ്റോക്കുചെയ്യും. കൊച്ചിയില്‍നിന്ന് ബംഗളൂരുവിലെത്തുന്ന ഇയാളുടെ സംഘത്തില്‍പ്പെട്ടവര്‍ക്ക് കൈമാറുന്നതാണ് രീതി.