ആലക്കോട്: സുഡാനിലെ ആഭ്യന്തര യുദ്ധത്തിൽ കൊല്ലപ്പെട്ട ആലക്കോട് നെല്ലിപ്പാറ കാക്കടവ് സ്വദേശിയും വിമുക്തഭടനുമായ ആൽബർട്ടി (48) ന്റെ മൃതദേഹം ഹോസ്പിറ്റലിലേക്കു മാറ്റി.
ഇന്ന് രാവിലെയാണ് മൃതദേഹം ഹോസ്പിറ്റലിലേക്കു മാറ്റിയത്. സ്ഥലം എംഎൽഎ സജീവ് ജോസഫ്, കെ. സുധാകരൻ എംപി, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ എന്നിവരുടെ നിരന്തരമായ ഇടപെടലിലൂടെയാണ് മൃതദേഹം ഹോസ്പിറ്റലിലേക്ക് മാറ്റാൻ സാധിച്ചത്.
കഴിഞ്ഞ ആറുമാസമായി ദാൽ ഗ്രൂപ്പ് ഓഫ് കമ്പനിയിൽ സെക്യൂരിറ്റി മാനേജരായി ജോലി ചെയ്തു വരികയായിരുന്നു ആൽബർട്ട്. കാനഡയിലുള്ള മകൻ ഓസ്റ്റിനോട് ഫോണിൽ സംസാരിക്കുന്നതിനിടെയാണ് കൊല്ലപ്പെട്ടത്.
വീടിന്റെ ജനലിനരികെനിന്ന് ഫോൺ ചെയ്യുമ്പോൾ കെട്ടിടത്തിനു താഴെ എത്തിയ തോക്കുധാരികൾ വെടിവയ്ക്കുകയായിരുന്നു.
ആക്രമണ സമയത്ത് ഭാര്യ സൈബലിയും ഇളയ മകൾ മരീറ്റയും കൂടെയുണ്ടായിരുന്നു. ആൽബർട്ടിനൊപ്പം അവധി ആഘോഷിക്കാൻ ഇരുവരും രണ്ടാഴ്ച മുമ്പാണ് സുഡാനിൽ എത്തിയത്.
ആലവേലിൽ അഗസ്റ്റിൻ-മേഴ്സി ദന്പതികളുടെ മകനാണ് ആൽബർട്ട്. സഹോദരങ്ങൾ: സ്റ്റാർലി, ഷർമി. ഫോണിൽ സംസാരിക്കുന്നതിനിടെ ജനലിലൂടെ പുറത്തേക്കു നോക്കിയപ്പോൾ അക്രമിസംഘം ഒരു പ്രകോപനവും ഇല്ലാതെയാണ് വെടിവച്ചതെന്ന് പിതാവ് അഗസ്റ്റിൻ പറഞ്ഞു.
കൂടെയുള്ള ഭാര്യയും മകളും സുരക്ഷിതരായിരിക്കുന്നുവെന്ന് അഗസ്റ്റിൻ പറഞ്ഞു. സുഡാനിലെ എംബസിയിലുള്ള മലയാളി ഉദ്യോഗസ്ഥനുമായി നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് സജീവ് ജോസഫ് എംഎൽഎ അറിയിച്ചു.