കടലാമകളെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ… കേട്ടാലും ഇല്ലെങ്കിലും ഇനി അധികകാലം നിങ്ങള്‍ ഈ ജീവിയെക്കുറിച്ച് അധികം കേള്‍ക്കേണ്ടിവരില്ല.
അത്രമാത്രം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജീവിയായി കടലാമകള്‍ മാറിക്കഴിഞ്ഞു.
മാംസത്തിനുവേണ്ടി, മുട്ടയ്ക്കുവേണ്ടി, പുറന്തോടിനുവേണ്ടി വലിയതോതില്‍ ഇവ വേട്ടയാടപ്പെടുന്നുണ്ട്. മലിനീകരണം, തീരദേശ വികസം, ആഗോളതാപനം തുടങ്ങിയ കാരണങ്ങളും ഇവയുടെ വംശനാശത്തിന് ആക്കം കൂട്ടി.
കടലാമകള്‍, കടലിന്റെ ആരോഗ്യപരമായ സന്തുലനാവസ്ഥയ്ക്ക് അത്യന്താപേക്ഷിതമാണ്. ഇങ്ങ് മലബാറില്‍ കടലാമകളുടെ സാനിധ്യത്താല്‍ പേരു കേട്ട മലബാറിലെ കോഴിക്കോട് പയ്യോളിയിലെ കൊളാവിപാലത്തെ തീരത്ത് ഇന്ന ്കടലാമകളുടെ ദൗര്‍ലബ്യം കടലോളം കൂടുതലാണ്.
ഒരു കാലത്ത് 65ലധികം ആമകള്‍ എത്തുകയും 50,000 വരെ മുട്ടകള്‍ ഇടുകയും ചെയത് തീരത്ത് ഈ വര്‍ഷം ഒരു കടലാമ മാത്രമാണ് പ്രജനനത്തിനായി എത്തിയത്.
ഈ ആമ ഇട്ട 126 മുട്ടകളെ ‘തീരം സംരക്ഷണ സമിതി ‘ പ്രവര്‍ത്തകര്‍ തീരത്തെ ഹാച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
എന്നാല്‍ തീരം തേടിയെത്തുന്ന ആമകളുടെ കുറവ് കനത്ത ആശങ്കയ്ക്ക് കാരണമാകുന്നതായാണ് പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ചൂണ്ടിക്കാണിക്കുന്നത്.
സംഭവിച്ചത്…
കടലില്‍ എത്തിച്ചേരുന്ന പ്ലാസ്റ്റിക് മാലിന്യം ജെല്ലി ഫിഷ് ആണെന്നുകരുതി ഭക്ഷിക്കുകയും അവയുടെ ജീവനു ഭീഷണിയായിത്തീരുകയും ചെയ്യുന്നുണ്ട്.
അനധികൃത മണലെടുപ്പും കടലേറ്റവും കര അപ്രത്യക്ഷമാകാനും കാരണമാകുന്നതോടെയാണ് തീരം തേടിയുള്ള കടലാമകളുടെ വരവ് കുറഞ്ഞതെന്ന് തീരം സംരക്ഷണ സമിതി വൈസ് പ്രസിഡന്റ് സി.എം. സതീശന് പറയുന്നു.
മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് യോഗ്യമല്ലാത്ത വലകള്‍ കടലില്‍ ഉപേക്ഷിക്കുന്നു. ഇതിനെ ‘ജയന്റ് നെറ്റ്’ എന്നാണ് പറയുന്നത്. ഇവയാണ് മറ്റൊരു വില്ലന്‍. തീരപ്രദേശത്തെ നിര്‍മാണങ്ങള്‍, കടല്‍ഭിത്തി മുതലായവ കടലാമയുടെ പ്രചനന ആവാസവ്യവസ്ഥയെ തകര്‍ക്കുന്നു
മഴക്കാലം കഴിഞ്ഞ ഉടനെയാണ് ആമകളുടെ പ്രജനനകാലം. തീരങ്ങളില്‍ ഒാഗസ്റ്റ് മുതല്‍ മാര്‍ച്ച് വരെയാണ് മുട്ടയിടാനെത്തുക. ഒരു ആമ 50മുതല്‍ 170വരെ മുട്ടയിടാറുണ്ട്.
ഇവ കണ്ടെടുത്ത് തീരം സംരക്ഷണ സമിതിയുടെ ഹാച്ചറിയിലേക്ക് മാറ്റി സംരക്ഷിക്കാറാണ് പതിവ്. 45 മുതല്‍ 70വരെ ദിവസങ്ങള്‍ക്കുശേഷം മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്ത് വരുമ്പോള്‍ പ്രവര്‍ത്തകര്‍ കടലിലേക്ക് വിടും.
എന്നാല്‍ നിലവില്‍ വിരലിലെണ്ണാവുന്ന ആമകള്‍ മാത്രമേ മുട്ടയിടാന്‍ തീരത്തേക്ക് എത്താറൂള്ളൂ. വരും വര്‍ഷങ്ങളില്‍ ആമകള്‍ വരുമോയെന്ന് സംശയമാണെന്ന ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചു.
‘ഒലിവ് റിഡ്ലി’ കടലാമകളുടെ തീരം
വംശനാശ ഭീഷണി നേരിടുന്ന ഒലിവ് റിഡ്ലി കടലാമകളിലൂടെയാണ് കൊളാവിപ്പാലം പ്രശസ്തിയിലേക്ക് ഉയര്‍ന്നത്.
രാജ്യത്ത് കടലാമകള്‍ വംശനാശ ഭീഷണി നേരിടുന്ന കാലഘട്ടത്തില്‍ കേരളത്തിലെ ഈ ചെറു പുഴയോരത്ത് പ്രജനനത്തിനായി ഒലിവ് റിഡ്ലി കടലാമകള്‍ ഉൾപ്പെടെ എത്തുന്നുവെന്നത് നാടിന് തന്നെ കൗതുകം സൃഷ്ടിച്ച കാര്യമായിരുന്നു. ഇത് വലിയ രീതിയില്‍ വാര്‍ത്തയാകുകയും ചെയ്തു.
1990 കാലഘട്ടത്തില്‍ കൊളാവിപാലത്ത് കടലാമകള്‍ വന്ന് മുട്ടയിട്ട് മടങ്ങുന്നത് അന്ന് നാട്ടുകാര്‍ക്ക് സ്വാഭാവിക കാഴ്ചയായിരുന്നു. ആ മുട്ടകള്‍ കുഴിച്ചെടുത്ത് ഭക്ഷണമാക്കി ഉപയോഗപ്പെടുത്താനായിരുന്നു പ്രദേശത്തുകാര്‍ ശ്രമിച്ചത്.
തുടര്‍ന്ന അക്കാലത്ത് വന്ന പത്ര വാര്‍ത്തയിലൂടെയാണ് കടലാമകളുടെ സംരക്ഷണത്തെക്കുറിച്ച് നാട്ടിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍ ബോധവാന്മാരാകുന്നതും അതിനായി രംഗത്ത് എത്തുന്നതും.
തുടര്‍ന്ന് 1992ല്‍ കടലാമ സംരക്ഷണത്തിനായി കൊളാവി പാലത്തില്‍ തീരം സംരക്ഷണ സമിതി എന്ന സംഘടന രൂപീകരിക്കുകയായിരുന്നു.
98-വര്‍ഷം മുതലാണ് സംഘടന കടലാമ സംരക്ഷണത്തിനായി കാര്യക്ഷമമായി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. അന്ന് മുതല്‍ ഇന്ന് വരെ കടലാമകളുടെ സംരക്ഷകരായി തീരത്ത് ഇവരുണ്ട്.