കൊച്ചി: ഡോക്ടറെ ഹണിട്രാപ്പിൽ കുടുക്കി അഞ്ചരലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതികൾ കൂടുതൽപേരെ കെണിയിൽപ്പെടുത്തിയിട്ടുണ്ടോയെന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.
കേസുമായി ബന്ധപ്പെട്ട് തമിഴ്നാട് ഗൂഡല്ലൂർ സ്വദേശിനി നസ്രിയ, ഇടുക്കി സ്വദേശി മുഹമ്മദ് അമീൻ എന്നിവരെയാണ് എറണാകുളം സൗത്ത് പോലീസ് ഇൻസ്പെക്ടർ എം.എസ്. ഫൈസലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഈ മാസം അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. കൊച്ചിയിലെ ഡോക്ടറുടെ അടുത്ത് ചികിത്സയ്ക്കായാണ് നസ്രിയ എത്തിയത്.
തുടർന്ന് ഇവർ മൊബൈൽ ഫോണ് വഴി ഡോക്ടറുമായി സൗഹൃദം സ്ഥാപിച്ചു. സൗഹൃദത്തിലായ ഇരുവരും ചാറ്റിംഗ് തുടർന്നു.
ഇതിനിടെ തന്റെ ചികിത്സയുടെ ആവശ്യത്തിനെന്ന് പറഞ്ഞ് യുവതി ഡോക്ടറെ വീട്ടിലേക്ക് വിളിച്ചുവരുത്തി. ഈ സമയത്ത് രണ്ടാം പ്രതിയായ അമീനും ഇവിടെയെത്തി.
ഇയാൾ ഇരുവരുടെയും സ്വകാര്യചിത്രങ്ങൾ ഫോണിൽ പകർത്തി. ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 45,000 രൂപ ഡോക്ടറിൽനിന്ന് ഗൂഗിൾപേ വഴി കൈക്കലാക്കി. ഡോക്ടർ വന്ന കാറും പ്രതികൾ തട്ടിയെടുത്തു.
പിറ്റേദിവസവും പ്രതികൾ പണം ആവശ്യപ്പെട്ട് ഡോക്ടറെ സമീപിച്ചു. തട്ടിയെടുത്ത വാഹനം തിരികെ നൽകി അഞ്ചുലക്ഷം രൂപ ഡോക്ടറിൽനിന്ന് കൈക്കലാക്കി.
ഇതിനുശേഷവും അഞ്ചുലക്ഷം കൂടി ആവശ്യപ്പെട്ടതോടെയാണ് ഡോക്ടർ പരാതിയുമായി പോലീസിനെ സമീപിച്ചത്.
13നാണ് ഡോക്ടർ പോലീസിൽ പരാതി നൽകിയത്. എന്നാൽ പ്രതികളുടെ മൊബൈൽഫോണുകൾ സ്വിച്ച് ഓഫായിരുന്നത് അന്വേഷണത്തിന് വെല്ലുവിളിയായി.
ഇതിനിടെ രണ്ടാം പ്രതിയുടെ ഫോണ് ഓണ് ആയതാണ് നിർണായകമായത്. മൊബൈൽ ഫോണ് ലൊക്കേഷൻ വിവരങ്ങളനുസരിച്ച് ഇയാൾ ഇടുക്കിയിലാണെന്നും തൃപ്പുണിത്തുറ ഭാഗത്തേക്ക് സഞ്ചരിക്കുകയാണെന്നും പോലീസിന് വ്യക്തമായി.
തുടർന്ന് പ്രതികൾ തൃപ്പുണിത്തുറയിൽ എത്തിയതോടെ ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇടുക്കി സ്വദേശിയായ അമീൻ വൈറ്റിലയിലെ ഓട്ടോ ഡ്രൈവറാണ്. മൂന്നുമാസം മുൻപാണ് യാത്രക്കാരിയായെത്തിയ നസ്രിയയും അമീനും പരിചയപ്പെട്ടത്.
തുടർന്ന് ഇരുവരും തമ്മിൽ സൗഹൃദത്തിലാവുകയും ഹണിട്രാപ്പ് പദ്ധതി ആസൂത്രണം ചെയ്യുകയുമായിരുന്നു.
റിമാൻഡിലുള്ള പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ഉടൻ കസ്റ്റഡിയിൽ വാങ്ങുമെന്ന് എറണാകുളം സൗത്ത് പോലീസ് ഇൻസ്പെക്ടർ എം.എസ്. ഫൈസൽ പറഞ്ഞു.