കൊച്ചി : കൊച്ചി വിമാനത്താവളം വഴിയുള്ള വിദേശ പാഴ്സൽ കള്ളക്കടത്തിന് കൂട്ടുനിന്ന കസ്റ്റംസ് ഉദ്യോഗസ്ഥൻ അറസ്റ്റിലായ സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഡയക്ടറേറ്റ് ഓഫ് റവന്യു ഇൻലിജൻസ് (ഡിആർഐ). കൊച്ചിൻ ഫോറിൻ പോസ്റ്റോഫിസിലെ സൂപ്രണ്ട് അഷുതോഷാണ് ഡിആർഐയുടെ പിടിയിലായത്.
ഒരാഴ്ച മുന്പ് മലപ്പുറം മുന്നിയൂരിൽനിന്ന് 6.3 കിലോ സ്വർണവുമായി ആറ് പേർ അറസ്റ്റിലായിരുന്നു. കൊച്ചിയിൽനിന്ന് കസ്റ്റംസ് പരിശോധന കഴിഞ്ഞെത്തിയ പാഴ്സലുകളിലായിരുന്നു സ്വർണം. സ്വർണക്കടത്തിന്റെ സൂത്രധാരൻ ഷിഹാബിൽനിന്നാണ് കൂട്ടാളിയായ അഷുതോഷിനെക്കുറിച്ച് ഡിആർഐക്ക് വിവരം ലഭിച്ചത്.
ഫോറിൻ പോസ്റ്റോഫീസിലെത്തുന്ന പാഴ്സലുകൾ ക്ലിയറൻസ് നൽകുന്ന ചുമതലയാണ് അഷുതോഷിന്. വിദേശത്തുനിന്നയയ്ക്കുന്ന സ്വർണം അടങ്ങിയ പാഴ്സലുകളുടെ വിവരങ്ങൾ സംഘം അഷുതോഷിനു കൈമാറും.
ഇതു മറ്റുദ്യോഗസ്ഥർ അറിയാതെ അഷിതോഷ് സുരക്ഷിതമായി ക്ലിയറൻസ് നൽകി അയയ്ക്കും. കള്ളക്കടത്തു സംഘവുമായി അഷുതോഷിനുള്ള ബന്ധത്തിന്റെ തെളിവുകളും ഡിആർഐ ശേഖരിച്ചു.
നേരത്തെയും സമാനമായ രീതിയിൽ പാഴ്സൽ വഴി സ്വർണം കടത്തിയതായും ഡിആർഐക്കു സംശയമുണ്ട്. സംഭവത്തിൽ കൂടുതൽ ഉദ്യോഗസ്ഥർ ഉൾപ്പെട്ടിട്ടുണ്ടെന്നും ഡിആർഐ സംശയിക്കുന്നുണ്ട്.
ഇത് കണ്ടെത്താനായി അറസ്റ്റിലായ അഷുതോഷ് ഉൾപ്പെടെയുള്ളവരെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യും.അഷുതോഷിന്റെ സഹായത്തോടെ ദുബായിയിൽനിന്ന് വിദേശപാഴ്സൽ വഴി മൂന്നരക്കോടി രൂപയുടെ സ്വർണമാണ് കടത്തിയത്.
കോഴിക്കോട് സബ് പോസ്റ്റോഫിസിൽ സ്വർണം അടങ്ങിയ പാഴ്സൽ കൈപ്പറ്റാനെത്തിയ സ്ത്രീയടക്കം ആറു പേരെ ഈ മാസം ഒൻപതിന് ഡിആർഐ അറസ്റ്റ് ചെയ്തിരുന്നു.
മലപ്പുറം മുന്നിയൂർ സ്വദേശിനി അസിയ, യാസിർ, റനീഷ് കോഴിക്കോട്ടുകാരായ ഷിഹാബ്, ജസീൽ, അബ്ദു എന്നിവരാണ് അറസ്റ്റിലായവർ.
തേപ്പുപെട്ടിയും അടുക്കളയിലേക്കാവശ്യമായ ഉപകരണങ്ങളുമാണ് പാഴ്സലിലുണ്ടായിരുന്നത്. ഇതിനുള്ളിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്.
ദുബായിയിൽനിന്ന് കൊച്ചിയിലെ ഫോറിൻ പോസ്റ്റോഫിസിലെത്തിയ പാഴ്സൽ ഇവിടെനിന്ന് ക്ലിയറൻസ് നൽകിയശേഷമാണ് കോഴിക്കോട്ടേക്ക് അയച്ചതെന്നും കണ്ടെത്തുകയുണ്ടായി.