ഗാര്‍ഹിക പീഡനപരാതി അന്വേഷിക്കാനെത്തിയ വനിതാ ഉദ്യോഗസ്ഥരെ വളര്‍ത്തുപട്ടിയെ അഴിച്ചു വിട്ട് കടിപ്പിച്ച് യുവാവ്.
വയനാട് ജില്ലാ വനിതാസംരക്ഷണ ഓഫീസര്‍ മായ എസ്. പണിക്കര്‍, കൗണ്‍സിലര്‍ നാജിയ ഷിറിന് എന്നിവര്‍ക്കാണ് വളര്‍ത്തുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്.
മേപ്പാടി തൃക്കൈപ്പറ്റ നെല്ലുമാളം സ്വദേശി ജോസ് എന്നയാളാണ് നായയെ തുറന്നുവിട്ട് കടിപ്പിച്ചത്. മായയ്ക്ക് കാലില്‍ രണ്ടിടത്ത് കടിയേറ്റു. പേടിച്ചോടുന്നതിനിടെ നിലത്തുവീണ കൗണ്‍സിലറെ പട്ടി കടിച്ച് പരിക്കേല്‍പ്പിച്ചു.
ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. ജോസ് നിരന്തരം ശാരീരികമായി പീഡിപ്പിക്കുന്നുവെന്ന് ജോസിന്റെ ഭാര്യ വനിതാസംരക്ഷണ ഓഫീസില്‍ കഴിഞ്ഞമാസം പരാതി നല്‍കിയിരുന്നു.
എന്നാല്‍, പലതവണ ഫോണില്‍ ബന്ധപ്പെട്ടിട്ടും ഇവരെ ലഭിക്കാതെ വന്നതോടെയാണ് മായയും നാജിയയും നേരിട്ട് വീട്ടിലെത്തി അന്വേഷിക്കുകയായിരുന്നു.
പരാതിയുമായി ബന്ധപ്പെട്ട കാര്യത്തിന് എത്തിയതാണെന്നു പറഞ്ഞപ്പോള്‍ ‘ജാക്കി പിടിച്ചോടാ’ എന്നുപറഞ്ഞ് ജോസ് പട്ടിയെ തുറന്നുവിടുകയായിരുന്നു.
പട്ടി നേരെ മായയെ ആക്രമിച്ചു. പത്തുമിനിറ്റുനേരം പട്ടിയുമായി മല്‍പ്പിടുത്തം നടത്തേണ്ടിവന്നെന്ന് മായ പറഞ്ഞു.
ആരും രക്ഷിക്കാനില്ലെന്ന അവസ്ഥയായതോടെ നാജിയ ഇവര്‍ വന്ന വാഹനത്തിന്റെ ഡ്രൈവറെ വിളിച്ച് ബഹളംവെച്ചപ്പോള്‍ പട്ടി ഇവര്‍ക്കുനേരെ തിരിഞ്ഞു.
ഇത്രയൊക്കെ പ്രശ്നമുണ്ടായിട്ടും ജോസ് ഇടപെട്ടില്ല. ബഹളംകേട്ടെത്തിയ നാട്ടുകാര്‍ പട്ടിയെ ഓടിച്ചുവിടുകയായിരുന്നു.
സംഭവത്തിനുശേഷം മേപ്പാടി എസ്.ഐ. വി.പി. സിറാജ് എത്തി ജോസിനെ കസ്റ്റഡിയിലെടുത്തു. പ്രതിയെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് മേപ്പാടി പോലീസ് അറിയിച്ചു.