തൊടുപുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി മൂന്നാം തവണയും കൗമാരക്കാരനായ കാമുകനൊപ്പം നാടുവിട്ടു. പോലീസിനു തലവേദന സൃഷ്ടിച്ചാണു പെണ്‍കുട്ടിയുടെ തുടര്‍ച്ചയായുള്ള തിരോധാനം.
മൂലമറ്റം സ്വദേശിനിയായ 14 കാരിയെ മൂന്നാം തവണയാണു വീട്ടില്‍നിന്നു കാണാതാവുന്നത്. സംഭവത്തില്‍ കാഞ്ഞാര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മാതാപിതാക്കളും മൂത്ത രണ്ടു സഹോദരിമാരുമുള്ള പെണ്‍കുട്ടി ആദ്യം ആയവനയില്‍ ആയിരുന്നു താമസിച്ചിരുന്നത്. രണ്ടു മാസങ്ങള്‍ക്കു മുമ്പ് ഇവിടെ വച്ചാണു കുട്ടിയെ ആദ്യം കാണാതാവുന്നത്.
പരാതിയുടെ അടിസ്ഥാനത്തില്‍ കല്ലൂര്‍കാട് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയപ്പോള്‍ പെണ്‍കുട്ടി മൂവാറ്റുപുഴ സ്വദേശിയായ 15 കാരനായ കാമുകനുമായി നാടു വിട്ടതാണെന്നു കണ്ടത്തി.
പോലീസ് ഇവരെ തിരികെയെത്തിച്ച് കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് കോടതി നിര്‍ദ്ദേശാനുസരണം രക്ഷിതാക്കളുടെയും സഹോദരിമാരോടൊപ്പം പോയ പെണ്‍കുട്ടിയുടെ കുടുംബം പിന്നീട് മൂലമറ്റത്തു താമസം തുടങ്ങുകയായിരുന്നു.
എന്നാല്‍ ഒരു മാസത്തിനു ശേഷം വീണ്ടും കുട്ടിയെ മൂലമറ്റത്തെ വീട്ടില്‍നിന്നു കാണാതായി. കാഞ്ഞാര്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയതിനെത്തുടര്‍ന്നു പെണ്‍കുട്ടി വീണ്ടും കാമുകനുമായി നാടുവിട്ടതായി കണ്ടെത്തുകയും ഇവരെ കോടതിയില്‍ ഹാജരാക്കുകയും കോടതി കുട്ടിയെ രക്ഷിതാക്കളോടൊപ്പം വിടുകയും ചെയ്തു.
കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരമാണ് പെണ്‍കുട്ടിയെ വീണ്ടും മൂലമറ്റത്തെ വീട്ടില്‍നിന്നു കാണാതായത്. ഇത്തവണയും പെണ്‍കുട്ടിയോടൊപ്പം കൗമാരക്കാരനായ കാമുകനെയും കാണാതായി.
തുടര്‍ന്നു പിതാവ് കാഞ്ഞാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മകളുടെ കാമുകന് കുട്ടിയെ നിരന്തരമായി തന്റെ ഫോണിലാണു താനറിയാതെ ബന്ധപ്പെട്ടിരുന്നതെന്ന് പിതാവ് പോലീസിനോട് പറഞ്ഞു.
ഇത്തവണ പെണ്‍കുട്ടി അച്ഛന്റെ മൊബൈല്‍ ഫോണുമായാണു സ്ഥലം വിട്ടതെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അടിക്കടി കാണാതാവുന്നത് പോലീസിനും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
ഇത്തവണ പെണ്‍കുട്ടിയെ കണ്ടെത്തി കൗണ്‍സിലിംഗ് നല്‍കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുന്നതിനുള്ള ആലോചനയിലാണ് പോലീസ്.