കാട്ടാക്കട: നെയ്യാർ ഡാമിലെ സിംഹ സഫാരി പാർക്കിൽ പാർപ്പിച്ചിരുന്ന വൈഗ എന്ന കടുവ ഇനി തൃശൂരിന്റെ അതിഥി. ഇന്നലെ രാത്രി 10 ന് വൈഗ എന്ന പെൺ കടുവയെ തൃശൂരിലേക്ക് കൊണ്ടു പോയി.
തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിലാണ് കടുവയെ എത്തിച്ചിരിക്കുന്നത്. ഇവിടുത്തെ ആദ്യ അതിഥി കൂടിയാണ് വൈഗ. ദുർഗ എന്ന മറ്റൊരു കടുവയെ താമസിയാതെ തന്നെ ഇവിടെ നിന്നും തൃശൂരിലേക്ക് തന്നെ കൊണ്ടു പോകും.
ഇന്നലെ രാത്രി പത്തുമണിക്കാണ് വൈഗയെ കൊണ്ടുപോകാൻ ശ്രമം തുടങ്ങിയത്. കടുവയെ കൊണ്ടുപോകുന്നതിനായി പ്രത്യേകം തയ്യാറാക്കിയ കൂടുകൾ ഇവിടെ എത്തിച്ചിരുന്നു.
ഈ കൂട്ടിലാണ് കടുവയെ കൊണ്ടു പോയത്. വനം ജീവനക്കാരും വെറ്ററിനറി ഡോക്ടറും ഉൾപ്പടെയുള്ള സംഘമാണ് കടുവയെ അനുഗമിച്ചത്.
വയനാട് ജില്ലയിലെ ഇരുളത്ത് ജനവാസ കേന്ദ്രത്തിലെത്തിയായിരുന്നു വൈഗ എന്ന പേരിൽ അറിയപ്പെടുന്ന കടുവ ഭീതി പടർത്തിയത്. ആരോഗ്യ സ്ഥിതി മോശമായിരുന്നതിനാൽ സിംഹ സഫാരിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
ദുർഗയെ 2019ൽ വയനാട് ജനവാസ കേന്ദ്രങ്ങളെ ഭീതിയിലാഴ്ത്തിയതിനെ തുടർന്ന് കെണിവെച്ച് പിടികൂടുകയായിരുന്നു. പിടികൂടിയ സമയത്ത് ദുർഗയ്ക്ക് 10 വയസ് പ്രായമാണുണ്ടയിരുന്നത്.
പല്ലുകൾ പൊഴിഞ്ഞിരുന്നു. തിരികെ കാട്ടിലേക്ക് പോകാനുള്ള ആരോഗ്യ സ്ഥിതിയായിരുന്നില്ല ദുർഗയുടേത്. തുടർന്ന് ചികിത്സക്കായി നെയ്യാർ ഡാം സിംഹ സഫാരിയിലെത്തിക്കുകയായിരുന്നു.
ദിവസവും ഏഴ് കിലോ ബീഫായിരുന്നു നൽകിയിരുന്നത്. നെയ്യാർ ഡാമിലെ സിംഹ സഫാരി പാർക്കിലേക്കെത്തുന്നവർക്ക് ദുർഗയേയും വൈഗയേയും കാണാനുള്ള അനുമതിയുണ്ടായിരുന്നില്ല.
ആരോഗ്യം തിരിച്ചുപിടിച്ചപ്പോഴാണ് പാർക്കിൽ നിന്ന് മാറ്റാൻ തീരുമാനിച്ചത്.. 2020 ഒക്ടോബർ 31 ന് കടുവ നെയ്യാർ സഫാരിപാർക്കിൽ നിന്നും കൂടിപൊളിച്ച് രക്ഷപ്പെട്ടിരുന്നു.
കടുവ പുറം നാട്ടിലേക്ക് ചാടിപ്പോയതെന്ന് പരക്കെ ആക്ഷേപം വരികയും നാട്ടുകാർ ഭീതിയിലാകുയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് കടുവയെ പിടിക്കാൻ പ്രത്യേക സംഘത്തെയും ചുമതലപ്പെടുത്തി.
കടുവ പാർക്കിലെ കുറ്റിക്കാട്ടിൽ തന്നെ ഒളിച്ചിരിപ്പുണ്ടായിരുന്നു. ഡോക്ടർ അരുൺസക്കറിയുടെ നേത്യത്വത്തിലുള്ള സംഘം കടുവയെ മയക്കുവെടി വച്ച് പിടികൂടുകയായിരുന്നു.
ദുർഗ എന്ന പെൺകടുവയും താമസിയാതെ ത്യശൂരിൽ എത്തും. വയനാട് നൂൽപ്പുഴ പഞ്ചായത്തിലെ തേലംപറ്റ ജനവാസമേഖലയിൽ ഭീതി വിടർത്തിയ 10 വയസ്സുള്ള ദുർഗയെ 2019 ജനുവരി 17 നാണ് നെയ്യാറിൽ എത്തിച്ചത്.